ADVERTISEMENT

പാമ്പാടി ∙ മന്ത്രി പ്രഖ്യാപനത്തിനു ശേഷം പാമ്പാടിയിലേക്കെത്തിയ വി. എൻ. വാസവനു പ്രവർത്തകരുടെ ഊഷ്മള വരവേൽപ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവിധ കേന്ദ്രങ്ങളിൽ പടക്കങ്ങൾ പൊട്ടിച്ചാണ് മന്ത്രി പ്രഖ്യാപനത്തെ വരവേറ്റത്. തിരുവനന്തപുരത്ത് പാർട്ടി യോഗത്തിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രി 8.30നാണ് പാമ്പാടിയിലെ പാർട്ടി ഓഫിസിൽ വി. എൻ. വാസവൻ എത്തിയത്.   

മാലപ്പടക്കം പൊട്ടിച്ചും പുഷ്പഹാരം അണിയിച്ചും മധുരം നൽകിയുമാണ് പ്രവർത്തകർ വരവേറ്റത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. എം. രാധാകൃഷ്ണൻ, റെജി സഖറിയ, ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ്, നേതാക്കളായ ഇ.എസ്. സാബു, വി.എം. പ്രദീപ്, കെ.എസ്. ഗിരീഷ്, പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, സ്ഥിര സമിതി അധ്യക്ഷൻ സി.എം. മാത്യു തുടങ്ങിയവരും പങ്കെടുത്തു.   

വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വാസവനെ സ്വീകരിക്കാനെത്തി. പ്രദേശത്തുടനീളം നിയുക്ത മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് ഇന്നലെ രാത്രി തന്നെ പ്രവർത്തകർ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചു.   പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മന്ത്രിമാരെ നിശ്ചയിച്ച ചർച്ചകൾ ഐകകണ്ഠ്യേനയാണെന്നും അദ്ദേഹം പറഞ്ഞു.  

തുടർന്ന് പാർട്ടി ഓഫിസിൽ നിന്നും പാമ്പാടിയിലെ വീട്ടിലെത്തിയ അദ്ദേഹത്തെ ഭാര്യ ഗീത വാസവന്റെ നേതൃത്വത്തിൽ മധുരം നൽകിയാണ് വരവേറ്റത്. മക്കളായ ഡോ. ഹിമ, ഗ്രീഷ്മ, മരുമകൻ ഡോ. നന്ദകുമാർ, കൊച്ചുമകൻ ഹയാൻ എന്നിവരും മധുരം നൽകിയാണ് നിയുക്ത മന്ത്രിയെ വീട്ടിലേക്ക് ആനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com