കപ്പ ചാലഞ്ചിനു തുടക്കം
Mail This Article
വാഴൂർ ∙ കോവിഡും ലോക്ഡൗണും പ്രതികൂല കാലാവസ്ഥയും മൂലം ബുദ്ധിമുട്ടിലായ മരിച്ചീനി കർഷകർക്ക് സഹായ ഹസ്തവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ക്ഷീര സംഘങ്ങളും ആരംഭിച്ച കപ്പ ചാലഞ്ച് പദ്ധതിക്ക് തുടക്കമായി. ക്ഷീരകർഷകർക്കും മരച്ചീനി കർഷകർക്കും ഒരുപോലെ സഹായകരമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങൂർ ക്ഷീര സംഘത്തിൽ ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിച്ചു. കർഷകർക്ക് ന്യായവില ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് ഏഴു രൂപ നിരക്കിലാണ് മരച്ചീനി സംഭരിക്കുന്നത്.
വാഴൂർ പഞ്ചായത്ത് രണ്ടു രൂപ വീതവും നൽകും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വാഴൂർ , കങ്ങഴ, വെള്ളാവൂർ, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളുടെയും കൃഷിഭവനുകൾ, ക്ഷീര സംഘങ്ങൾ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊടുങ്ങൂർ, ഇളങ്ങോയി എന്നീ ക്ഷീരസംഘങ്ങളിൽ ഇന്നലെ പദ്ധതി ആരംഭിച്ചു. 150 ടൺ മരച്ചീനിയാണ് സംഭരിക്കുന്നത്.
കൊടുങ്ങൂരിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അധ്യക്ഷത വഹിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം.ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത.എസ്. പിളള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ , പഞ്ചായത്തംഗം സേതു ലക്ഷ്മി, കൃഷി വകുപ്പ് അസി.ഡയറക്ടർ ടി.ബിന്ദു, ക്ഷീരവികസന വകുപ്പു ഡപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന ഓഫിസർ ടി.എസ്.ഷിഹാബുദീൻ, കൃഷി ഓഫിസർ അരുൺകുമാർ, കൊടുങ്ങൂർ ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണൻ കുട്ടി ചെട്ടിയാർ, സെക്രട്ടറി വി.എം.മനോജ് എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ ബ്ലോക്ക് പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി അറിയിച്ചു.