പടം വരച്ചു, തലകുത്തി നിന്ന്; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും
Mail This Article
എലിക്കുളം ∙ തലകുത്തി നിന്നു കുറഞ്ഞ സമയം കൊണ്ട് ചിത്രരചന നടത്തിയ ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ.എസ്.ശിവകുമാർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഗ്രാൻഡ് മാസ്റ്റർ പദവി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ച ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് വിദ്യാർഥി ഒ.എസ്.ശിവകുമാറിന്റെ ഇരട്ട നേട്ടമാണിത്.
ഒ.ഡി.ഷാജുവിന്റെയും ഷൈനിയുടെയും മകനായ ഒ.എസ്.ശിവകുമാർ മുൻപ് പാലക്കാട് സ്വദേശി പ്രവീൺ മോഹൻ എന്ന കലാകാരൻ ഒരു ദിവസം വരച്ച 6 ചിത്രങ്ങളുടെ റെക്കോർഡാണു 10 ചിത്രം വരച്ച് മറികടന്നത്. ഒറ്റദിവസം കൊണ്ട് 10 ചിത്രങ്ങളും പൂർത്തിയാക്കി. പോർട്രെയ്റ്റ് വിഭാഗത്തിലുള്ള രചനകളാണു നടത്തിയത്. മദർ തെരേസ, എ.പി.ജെ.അബ്ദുൽ കലാം, നെഹ്‌റു സച്ചിൻ, ഭഗത് സിങ് തുടങ്ങി പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ചിത്രമാണ് രചിച്ചത്.
കടലാസിൽ മാർക്കർ പേന കൊണ്ടായിരുന്നു വരച്ചത്. ചിത്രരചന സമയം രേഖപ്പെടുത്തിയ വിഡിയോയാണ് ബുക്ക് ഓഫ് റെക്കോർഡിനായി അധികൃതർക്ക് അയച്ചത്. മുൻ റെക്കോർഡു മറികടന്നതു പ്രശംസിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി റെക്കോർഡിൽ ചേർത്ത് പുരസ്കാരം നൽകുമെന്നും ശിവകുമാറിന് മറുപടി ലഭിച്ചു.