എസ്പി പിള്ള സ്മാരക മന്ദിരം നിർമാണം പൂർത്തിയാകുന്നു
Mail This Article
ഏറ്റുമാനൂർ ∙ എസ്പി പിള്ളയുടെ സ്മരണാർഥം നിർമിക്കുന്ന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നു. എസ്പി പിള്ള ഓർമയായി 36 വർഷം തികയുമ്പോൾ നാട് ആഗ്രഹിച്ച തരത്തിലുള്ള മന്ദിരമാണു നിർമാണം പൂർത്തിയാകുന്നത്. അങ്കണവാടി, ലൈബ്രറി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുക. ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ നഗരസഭാധ്യക്ഷനായിരുന്ന ഭരണ സമിതിയാണ് അങ്കണവാടിക്കും വായനശാലയ്ക്കും എസ്പി പിള്ളയുടെ പേരു നൽകാൻ തീരുമാനിച്ചത്.
ഏറ്റുമാനൂർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഏറ്റുമാനൂർ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സഹൃദയ കൂട്ടായ്മ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച നാമകരണ ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയ മുൻ എംഎൽഎ കെ. സുരേഷ് കുറുപ്പ് കെട്ടിടം ആധുനിക രീതിയിൽ മന്ദിരം നിർമിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നു 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. രണ്ടു നിലയിലാണു മന്ദിരം. നിർമാണം ഈ വർഷം തന്നെ പൂർത്തിയാക്കും.