ADVERTISEMENT

തിടനാട് ∙ ടാർപോളിൻ വിരിച്ച ഒറ്റമുറി വീടിന്റെ മുന്നിൽ നിന്ന് മാടമല പാറയ്ക്കൽ സജി 3 വർഷമായി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമില്ല. ലൈഫ് പദ്ധതിയിൽ വീടു നൽകി തനിക്കും തന്റെ കുട്ടികൾക്കും ഒരു ‘ലൈഫ്’ തരാൻ അധികൃതർ മടി കാണിക്കുന്നതെന്തിനാണ്. കഴിഞ്ഞ വർഷം മുൻഗണനാ ലിസ്റ്റിൽ പെട്ടിട്ടും പിന്നിലാകാൻ കാരണമെന്താണ്. തനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും 2 പെൺമക്കൾക്കും അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിൽ ആർക്കാണ് വിയോജിപ്പുള്ളത്. ഈ ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിച്ചില്ല. അതോടൊപ്പം വീടും. 

പ്രായമായ തന്റെ പെൺ മക്കൾക്കും, മാനസിക ബുദ്ധിമുട്ടുള്ള ഭാര്യയ്ക്കും സുരക്ഷിതമായി കിടന്നുറങ്ങാൻ മറ്റൊരു സ്ഥലത്തും പോകാൻ ഇടമില്ലാത്തതിനാലാണു ആകെയുള്ള സമ്പാദ്യമായ 10 സെന്റ് സ്ഥലത്ത് ടാർപോളിൻ വലിച്ചു കെട്ടി താമസിക്കുന്നത്. ഭാര്യ വീട്ടുകാരുമായി സ്വത്തു തർക്കവും നിലനിൽക്കുന്നുണ്ട്. ഇതിനിടെ അയൽവാസികളായ ബന്ധുക്കൾ ഭാര്യയെ ആക്രമിച്ചതായി കാണിച്ചു തിടനാട് പൊലീസിൽ കേസും നിലനിൽക്കുന്നുണ്ട്.

13ഉം 12ഉം വയസ്സുള്ള പെൺമക്കളെ ഭാര്യയെ ഏൽപിച്ചു ജോലിക്കു മറ്റു സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നില്ലെന്നും ഭാര്യയ്ക്കു മരുന്നു വാങ്ങാൻ മാസം തോറും 3000 രൂപയോളം ചെലവാകുമെന്നും സജി പറഞ്ഞു. ലൈഫ് പദ്ധതിയുടെ പുതിയ ലിസ്റ്റിലും മുൻഗണനാ ലിസ്റ്റിൽ സജിയുണ്ട്. മഴക്കാലമെത്തിയതോടെ വീണ്ടും ആശങ്ക വർധിക്കുകയാണ് സജിക്കും കുടുംബത്തിനും. ഉയർന്ന പ്രദേശമായതിനാൽ കാറ്റിൽ പടുത ഉലയുന്നതും താമസിക്കാൻ തടസ്സം നേരിടുന്നു. ഈ വർഷമെങ്കിലും വീട് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com