ADVERTISEMENT

ചങ്ങനാശേരി ∙ ‘എസ്ബി എന്റെ കോളജാണ്. അവിടുത്തെ മരത്തണലുകളിലും ഷെപ്പേർഡ് സാറിന്റെയും ഒ.സി.കുര്യാക്കോസ് സാറിന്റെയും ക്ലാസുകളിലുമാണു എന്റെ കവിതയുടെ തടി തിരിഞ്ഞത്’. - വിഷ്ണുനാരായണൻ നമ്പൂതിരി (1991ൽ പറഞ്ഞത്). 

അധ്യാപകരുടെ കാര്യത്തിലും കോഴ്സുകളുടെ കാര്യത്തിലും തുടക്കം നന്നായതാണ് എസ്ബിയുടെ വിജയത്തിന്റെ കാരണമായി കണക്കാക്കുന്ന ഘടകം. ആരംഭ കാലം മുതൽ ഏറ്റവും മികച്ച അധ്യാപകരെ കോളജിൽ എത്തിക്കുന്ന രീതി എസ്ബിയിൽ ഉണ്ടായിരുന്നു.

കോഴ്സുകളുടെ കാര്യത്തിലും ഈ പതിവ് തുടർന്നു. എസ്ബി കോളജിന്റെ പ്രശസ്തി നാടെങ്ങും പരക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇത്തരം നീക്കങ്ങളാണ്. മാനേജ്മെന്റിന്റെയും കോളജ് അധികൃതരുടെയും പൂർണ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

∙ കോഴ്സുകളിലെ വളർച്ച

1922ൽ ജൂനിയർ ഇന്റർമീഡിയറ്റ് ക്ലാസിൽ 125 വിദ്യാർഥികളുമായി തുടങ്ങിയ എസ്ബിയുടെ വളർച്ച വേഗത്തിലായിരുന്നു. അടുത്ത വർഷം തന്നെ കോളജ് സീനിയർ ഇന്റർമീഡിയറ്റ് ആയി. നിലവിലെ ക്യാംപസിലേക്ക് പ്രവർത്തനം മാറ്റിയതിനു പിന്നാലെ 1927ൽ ഡിഗ്രി ക്ലാസുകൾക്കും തുടക്കമായി. ആർട്സ് കോളജ് ആരംഭിക്കാനാണ് താൽപര്യപ്പെട്ടിരുന്നതെങ്കിലും ബോട്ടണി, സുവോളജി കോഴ്സുകളാണ് അനുവദിച്ചത്.

ഇതോടെ തിരുവിതാംകൂറിൽ സയൻസ് ഡിഗ്രി ക്ലാസുകൾ തുടങ്ങുന്ന ആദ്യ കോളജുകളി‍ൽ ഒന്ന് എന്ന നേട്ടവും സ്വന്തമായി. പിന്നീട് ബിഎസ്‌സി മാത്​സ്, ബിഎ ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ കോഴ്സുകളും ആരംഭിച്ചു. ഡിഗ്രി കോഴ്സുകൾ ആരംഭിച്ചതിന്റെ രജത ജൂബിലി അക്കാലത്തെ വലിയ സംഭവമായിരുന്നു. ചിത്തിര തിരുനാൾ മഹാരാജാവാണ് 1952ൽ ജൂബിലി ഉദ്ഘാടനത്തിന് എത്തിയത്.

സയൻസ് എക്സിബിഷനും സംഘടിപ്പിച്ചിരുന്നു. 1957ൽ എംഎ ഇക്കണോമിക്സ് ആരംഭിച്ചതോടെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ആരംഭമായി. 1986ൽ റിസർച് സെന്റർ പ്രവർത്തനം തുടങ്ങി. 1995ലാണ് പ്രശസ്തമായ ബിംസ് - എംബിഎ വിഭാഗം കോളജിൽ ആരംഭിക്കുന്നത്. 1996ൽ സെൽഫ് ഫിനാൻസിങ് കോഴ്സുകളും തുടങ്ങി. നിലവിൽ 10 വിഭാഗങ്ങളിൽ ഗവേഷണ സൗകര്യം ഉണ്ട്. 3 എംഫിൽ കോഴ്സുകളും ഉണ്ട്.

∙ ഓട്ടണോമസ് പദവി

നവതി ആഘോഷ സമയത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എസ്ബി കോളജിന് സ്വയംഭരണ സ്ഥാപനമെന്ന പദവിയിലേക്ക് എത്തിക്കുക എന്നതായിരുന്നു. 2014ൽ ഇത് യാഥാർഥ്യമായി. സർവകലാശാലയ്ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഇതിന്റെ ഭാഗമായി കോളജിൽ ക്രമീകരിച്ചു. സ്വയംഭരണത്തിനായി അപേക്ഷിച്ച കോളജുകളിൽ വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിൽ ഒന്നാം റാങ്കാണ് എസ്ബിക്ക് ഇവർ നൽകിയത്.

∙ഹോസ്റ്റലുകൾ

എസ്ബിയുടെ വളർച്ചയിൽ അവഗണിക്കാൻ കഴിയാത്ത സ്ഥാനം ഹോസ്റ്റലുകൾക്കും ഉണ്ടെന്നാണ് മുൻ അധ്യാപകരുടെ അഭിപ്രായം. വിവിധ സ്ഥലങ്ങളിൽ നിന്ന് പഠിക്കാനെത്തുന്നവർക്ക് ആശ്വാസമായിരുന്നു ക്യാംപസിലുള്ള ഹോസ്റ്റലുകൾ. 1930ലാണ് എസ്ബിയിൽ ആദ്യ ഹോസ്റ്റൽ ആയ എസ്എച്ച് ഹോസ്റ്റൽ നിർമിക്കുന്നത്. 1942ൽ ലിറ്റിൽ ഫ്ലവർ എന്ന പേരിൽ നിർമിച്ച കെട്ടിടവും ഹോസ്റ്റൽ ആയി.

എസ്എച്ച് ഹോസ്റ്റൽ പൊളിച്ച് വിശാലമായ സൗകര്യങ്ങളോടെ 1964ൽ സഹൃദയ ഹോസ്റ്റൽ നിർമിച്ചു. സെന്റ് ജോസഫ്, സെന്റ് തോമസ് ഹോസ്റ്റലുകളും പ്രസിദ്ധമായ ന്യൂമാൻസ് ഹോസ്റ്റലും ഇക്കാലയളവിൽ നിർമിക്കപ്പെട്ടു. നിലവിൽ ആൺകുട്ടികൾക്കായി സെന്റ് തോമസ്, സെന്റ് ജോസഫ്, സഹൃദയ, എസ്ബി, സെന്റ് തോമസ് മൂർ, പോപ്പ് ജോൺ പോൾ - II (സ്പോർട്സ് ഹോസ്റ്റൽ),

പെൺകുട്ടികൾക്കായി സെന്റ് മേരീസ് ഹോസ്റ്റൽ (ക്യാംപസിനോടു ചേർന്ന്), എന്നിങ്ങനെ 7 ഹോസ്റ്റലുകളും സ്റ്റാഫ് ഹോസ്റ്റലും‍ ഉണ്ട്. മറ്റു പല സ്ഥലങ്ങളിലും ഹോസ്റ്റലുകൾ നിർത്തലാക്കുമ്പോഴാണ് ഇത്രയധികം ഹോസ്റ്റലുകൾ വിദ്യാർഥികൾക്കായി ഒരുക്കി എസ്ബി മാതൃകയാവുന്നത്. സംസ്ഥാനത്തു തന്നെ ആൺകുട്ടികൾക്ക് ക്യാംപസിൽ ഇത്രയും ഹോസ്റ്റലുകൾ ഉള്ള കോളജുകൾ അപൂ‍ർവമാണ്.

‘എസ്ബി ഉയരണം, സർവകലാശാലയായി’ 

1922ൽ ആരംഭിച്ചതു മുതൽ എസ്ബി കോളജിന്റെ പ്രിൻസിപ്പൽ പദവി അലങ്കരിച്ചിട്ടുള്ളവരിൽ അധികവും വൈദികരാണ്. ഇവരിൽ പലരും ഇതേ കലാലയത്തിലെ വിദ്യാർഥികളുമായിരുന്നു. ശതാബ്ദി ആഘോഷവേളയിൽ എസ്ബി കോളജിന്റെ പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യനും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് എസ്ബിയിൽ നിന്നാണ്. കോളജിന്റെ 18-ാമത്തെ പ്രിൻസിപ്പലായ ഫാ. റെജി സംസാരിക്കുന്നു.

∙ എസ്ബിയുടെ അദ്ഭുതാവഹമായ വളർച്ചയെപ്പറ്റി.. ?

പ്രശസ്തരായ അധ്യാപകരുടെ വലിയ നിര പ്രാരംഭഘട്ടം മുതൽ എസ്ബിയിൽ ഉണ്ട്.  മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് പൂർണമായി നടപ്പാക്കാൻ എസ്ബി എക്കാലവും ശ്രമിച്ചു. അതിൽ വിജയിച്ചു. ഇവിടെ പഠിച്ചിറങ്ങുന്നവർ എസ്ബിയുടെ പാരമ്പര്യം അടുത്ത തലമുറയ്ക്കു കൈമാറണമെന്ന് ആഗ്രഹിച്ചു. ഇതെല്ലാം എസ്ബിയുടെ വളർച്ചയിൽ നിർണായകമായി. മറ്റൊന്ന് പ്രവേശനത്തിനു മെറിറ്റ് മാത്രമാണ് എക്കാലവും മാനദണ്ഡം എന്നുള്ളതാണ്.

വിദ്യാഭ്യാസം എന്നതിനു പുറമേ ജീവിതത്തിൽ ആവശ്യമായ ധാർമികമായ ഉത്തരവാദിത്തങ്ങളും മൂല്യങ്ങളും ഇവിടെ വിദ്യാർഥികൾക്കു പകർന്നു നൽകുന്നു. ഇതിനൊപ്പം കരുതലിന്റെ വലിയ തലം കൂടി എസ്ബി തുടർന്നു പോകുന്നുണ്ട്. ശതാബ്ദി വർഷത്തിൽ 10 ലക്ഷം രൂപയാണ് വിവിധ സ്കോളർഷിപ്പുകളായി നൽകുന്നത്. ജാതിമത ചിന്തകളും വേർതിരിവുകളും ഇല്ലാതെ വിദ്യാർഥികളെ കരുതുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന മാനേജ്മെന്റും എസ്ബിയുടെ സവിശേഷതയാണ്. 

∙ ശതാബ്ദി വർഷത്തിലെ പ്രിൻസിപ്പൽ എന്ന നേട്ടം ? 

മഹത്തായ എസ്ബി കോളജിന്റെ സാരഥ്യം ഏറ്റെടുക്കാൻ കഴിഞ്ഞു എന്നതു തന്നെ വലിയ ദൈവ നിയോഗമാണെന്ന് വിശ്വസിക്കുന്നു. ചരിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ആഘോഷങ്ങളിൽ വിദ്യാർഥികളുടെ സാന്നിധ്യം ഇല്ല എന്ന സങ്കടവും ഉണ്ട്. 

∙ എസ്ബിയുടെ ഭാവി പദ്ധതികൾ ? 

കോളജിന്റെ  വളർച്ച ലക്ഷ്യമാക്കി 10 വർഷത്തേക്കുള്ള വിഷൻ ഡോക്യുമെന്റ് ഉടൻ രൂപപ്പെടുത്തും. സർക്കാരുകളുടെ നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായി എസ്ബിയെ സർവകലാശാല ആയി ഉയർത്തുക എന്നതാണ് ദൗത്യം. ശതാബ്ദി ഇതിനുള്ള അവസരമായി കാണുന്നു. കൂട്ടായ ആലോചനകളും പ്രവർത്തനങ്ങളും ഇതിലേക്കു നയിക്കുമെന്നാണ് വിശ്വസിക്കുന്നത്. 

∙ നാടിനോടു പറയാനുള്ളത് ? 

എസ്ബിയുടെ വളർച്ചയിലും പ്രതിസന്ധി ഘട്ടങ്ങളിലും ചങ്ങനാശേരിയും സമീപ പ്രദേശങ്ങളും ഒപ്പമുണ്ടായിരുന്നു. എസ്ബിയെ താങ്ങി നിർത്തിയ, ഹൃദയത്തോടു ചേർത്തു നിർത്തിയ നാടിനോട് എന്നും കടപ്പാട് ഉണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ നാടിനോടുള്ള സ്നേഹം എസ്ബിയും തിരിച്ച് നൽകാൻ ശ്രമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com