കീടബാധ: കർഷകർക്ക് ഇതു കെട്ട കാലം
Mail This Article
കോട്ടയം ∙ മഴ ചതിച്ചോ, വിളകൾക്ക് ഇതു കഷ്ടകാലം. കോവിഡിൽനിന്നും ലോക്ഡൗണിൽ നിന്നും കര കയറുന്ന കർഷകർക്ക് ഇരുട്ടടിയായി കീടബാധ. റബറിന് ഇലപൊട്ടു കണ്ടിട്ട് അധിക കാലമായില്ല. അതിനിടെ കൊക്കോയ്ക്കും രോഗബാധ. ഇതിനു പുറമേയാണ് തെങ്ങിനു വെള്ളയ്ക്കാ തുരപ്പൻ ബാധ.
ആരു തുരത്തും ഈ തുരപ്പനെ
തെങ്ങിന് വെള്ളയ്ക്കാ തുരപ്പൻ പുഴുക്കളുടെ ആക്രമണം കണ്ടെത്തിയ കല്ലറയിൽ അടുത്ത ദിവസം കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജർ സന്ദർശനം നടത്തും. 2 ഇഞ്ച് നീളം വരുന്ന പുഴുക്കൾ വെള്ളയ്ക്ക തുരന്ന് കാമ്പ് വ്യാപകമായി നശിപ്പിക്കുകയാണ്. കർണാടകയിലെ മൈസൂരു, മാണ്ഡ്യ തുടങ്ങിയിടങ്ങളിലാണ് ഇത്തരം പുഴുക്കളുടെ ആക്രമണം സാധാരണ കാണാറുള്ളത്. ഇതര സംസ്ഥാനത്തു നിന്നുള്ള വളത്തിലോ ജൈവ വളത്തിലോ എത്തിയതാവാം ഇവ.
പച്ചക്കറിക്കൃഷി വാടുന്നു
കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനത്തിൽ കുറവ്. മെച്ചപ്പെട്ട മഴ ലഭിക്കേണ്ട സമയത്തു ചൂടു കൂടിയതോടെ പാവൽ ഉൾപ്പെടെ പച്ചക്കറികൾക്കു മുരടിപ്പ്. കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്നു കോവൽ കൃഷി അന്യമായി. ജൂൺ മാസത്തിലാണ് പാവൽക്കൃഷി ആരംഭിക്കുന്നത്. പക്ഷേ ഇത്തവണ മഴ കുറഞ്ഞു. പാവൽക്കൃഷി നഷ്ടത്തിലാകുമെന്ന് ആശങ്ക. വള്ളികൾ മുരടിക്കുന്നു. അച്ചിങ്ങപ്പയർ കൃഷിയിൽ ഉൽപാദനക്കുറവ് രൂക്ഷം. പയറിനു വളർച്ചയുണ്ട്. പക്ഷേ പൂവിടുന്നതു കുറഞ്ഞു.
അതിവേഗം ഈ ഒച്ചിന്
കടുത്തുരുത്തി, ഉഴവൂർ മേഖലകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം. ജാതി, തെങ്ങ്, കുരുമുളക്, കോവൽ, ചേന കൃഷികളെയാണ് ഇവ ആക്രമിക്കുന്നത്. പള്ളിക്കത്തോട്, വാഴൂർ മേഖലകളിൽ പച്ചക്കറിക്കൃഷിക്ക് ആഫ്രിക്കൻ ഒച്ചാണ് ഭീഷണി. ഒട്ടേറെ അടുക്കളത്തോട്ടത്തിന് ഇവ നാശം വരുത്തി.
കൊക്കോയ്ക്ക് കറുത്ത കായ്
കൊക്കോ കായ്കളിൽ കാണുന്ന കറുത്ത കായ് (ബ്ലാക്ക് പോട്) രോഗം ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊക്കോ കായ്കളിൽ കറുത്ത പൊട്ടുകൾ രൂപപ്പെട്ട് മൂപ്പെത്തും മുൻപേ കൊഴിഞ്ഞു വീഴുന്നതാണു ബ്ലാക്ക് പോട് ഫംഗസ് രോഗം. ഫൈറ്റോഫ്തോറ പാൽമിവോറ കുമിളാണ് രോഗത്തിനു കാരണം മലയോര മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ കൊക്കോത്തോട്ടങ്ങളിൽ രോഗമുണ്ട്.
കാലാവസ്ഥ വ്യതിയാനവും മുരടിപ്പ് ഉൾപ്പെടെ രോഗങ്ങളും പച്ചക്കറിക്കൃഷിയെ ബാധിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷം ആരംഭിച്ച പ്രശ്നങ്ങൾ തുടരുന്നു. കൃഷി വകുപ്പ് പ്രത്യേക പഠനം നടത്തി കർഷകർക്കു മാർഗനിർദേശം നൽകണം. റോബിൻ കല്ലോലിൽ, കർഷകൻ മരങ്ങാട്ടുപിള്ളി
കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചിട്ടുണ്ട്. പാവൽ ഉൾപ്പെടെ കൃഷികൾക്കു ഭേദപ്പെട്ട മഴ ലഭിച്ചില്ലെങ്കിൽ ഉൽപാദനം കുറയും. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. ഉൽപാദനക്കുറവിനെക്കുറിച്ച് പഠനം നടത്തും. ലിസി ആന്റണി ,ഡപ്യൂട്ടി ഡയറക്ടർ, ഹോർട്ടികൾചർ മിഷൻ, കോട്ടയം