മസ്ജിദുകളിൽ നമസ്കാരത്തിന് പരമാവധി 40 പേർ
Mail This Article
കോട്ടയം ∙ ബലിപെരുന്നാളിന് നാട് ഒരുങ്ങി. നാളെ മസ്ജിദുകളിൽ പരമാവധി 40 പേർക്ക് പ്രാർഥന നടത്താനാണ് അനുമതിയെന്നു ഭാരവാഹികൾ അറിയിച്ചു. ചങ്ങനാശേരി പുതൂർ പള്ളി, പഴയ പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, അറവുപുഴ മുഹ്‌യിദ്ദീൻ പള്ളി, തിരുനക്കര പുത്തൻപള്ളി, അതിരമ്പുഴ, ഏറ്റുമാനൂർ ജമാഅത്ത്, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി, എരുമേലി ടൗൺ നൈനാർ മസ്ജിദ്, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത്, വൈക്കം, തലയോലപ്പറമ്പ്, വെച്ചൂർ, നക്കംതുരുത്ത്, മറവൻതുരുത്ത് ജമാഅത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ നമസ്കാരം ഉണ്ടാകും.
പ്രാർഥനയ്ക്ക് വരുന്നവർ വാക്സിനേഷൻ പൂർത്തിയാക്കണം. മാസ്ക് ധരിക്കണം. വിരിപ്പു കൊണ്ടുവരണം.ഹസ്തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. നമസ്കാരത്തിന് അകലം പാലിച്ച് സ്ഥലം അടയാളപ്പെടുത്തും. താഴത്തങ്ങാടി ജുമാ മസ്ജിദിൽ നാളെ 7.30 ന് നമസ്കാരം നടക്കും.
കൂടുതൽ വിശ്വാസികൾക്ക് പ്രാർഥനാ സൗകര്യത്തിനായി 13 അനുബന്ധ മസ്ജിദുകളിൽ മാനദണ്ഡം പാലിച്ചു നമസ്കാരം ക്രമീകരിച്ചതായി താഴത്തങ്ങാടി ജമാഅത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് സാലി അറിയിച്ചു. ചങ്ങനാശേരി പുതൂർപ്പള്ളിയിൽ നാളെ രാവിലെ നമസ്കാരം നടത്തുമെന്ന് പ്രസിഡന്റ് പി.എസ്.പി.റഹീമും പഴയ പള്ളിയിൽ നാളെ 7.30നു നമസ്കാരം നടത്തുമെന്നു പ്രസിഡന്റ് ഹാഷിം കൈതക്കുളവും അറിയിച്ചു.
കാഞ്ഞിരമറ്റം
കാഞ്ഞിരമറ്റം ജുമാ മസ്ജിദിൽ നാളെ പുലർച്ചെ 5.30ന് സുബ്ഹി നമസ്കാരത്തിന് എത്തുന്ന 40പേർക്ക് ടോക്കൺ നൽകും ഇവർക്കു പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാം. ഇമാം കെ.എസ്.അൻസാരി മൗലവി ബാഖവി നേതൃത്വം നൽകും. കാഞ്ഞിരമറ്റത്തെ 12 അനുബന്ധ പള്ളികളിലും സൗകര്യം ഒരുക്കിയെന്നു കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം പറഞ്ഞു.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നാളെ രാവിലെ ഏഴിന് ചീഫ് ഇമാം ഇജാസുൽ കൗസരിയുടെ നേതൃത്വത്തിൽ നമസ്കാരം നടത്തും. വിരി കൊണ്ടുവരണമെന്നു സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം. അബ്ദുൽ സലാം പാറയ്ക്കൽ അറിയിച്ചു.
ഈരാറ്റുപേട്ട
പ്രദേശത്തെ എല്ലാ പള്ളികളിലും രാവിലെ പെരുന്നാൾ നമസ്കാരം നടത്തും. പള്ളികളിലെത്താൻ സാധിക്കാത്തവർ വീടുകളിൽ പ്രാർഥനകളിൽ പങ്കെടുക്കും.നൈനാർ പള്ളിയിൽ കെ.എച്ച് ഇസ്മയിൽ മൗലവി, പുത്തൻപള്ളിയിൽ മുഹമ്മദ് നദീർ മൗലവി, തെക്കേക്കര മുഹിയുദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവി, കടുവാമൂഴി മസ്ജിദിൽ നൂറിൽ ഇബ്രാഹിം കുട്ടി മൗലവി, മക്കാ മസ്ജിദിൽ സാജിദ് നദ്‌വി, നടയ്ക്കൽ ഹുദാ മസ്ജിദിൽ മുഹമ്മദ് ഉനൈസ് മൗലവി, നടയ്ക്കൽ അമാൻ മസ്ജിദിൽ മുഹമ്മദ് ഹാഷിർ നദ്‌വി എന്നിവർ നേതൃത്വം നൽകും.