കറുകച്ചാലിലെ ‘ഗുണ്ടാ ലിസ്റ്റിൽ’ പെട്ട മരം മുറിക്കാൻ നടപടി വേണം
Mail This Article
കറുകച്ചാൽ ∙ പൊലീസ് സ്റ്റേഷൻ വളപ്പിലെ കൂറ്റൻ മരം കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിലായിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ല. ചങ്ങനാശേരി-വാഴൂർ റോഡിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് 60 അടിയോളം ഉയരമുള്ള മരം നിൽക്കുന്നത്. നിലത്തു നിന്നും 10 അടി ഉയരത്തിലുള്ള തിട്ടയിലാണ് മരം. മരത്തിന് ചുറ്റുമായി നിർമിച്ചിട്ടുള്ള കരിങ്കൽക്കെട്ടിന്റെ ഒരുഭാഗം നാളുകൾക്ക് മുൻപ് ഇടിഞ്ഞ് നടപ്പാതയിലേക്ക് വീണിരുന്നു.
പൊലീസ് സ്റ്റേഷൻ റോഡിലേക്കുള്ള ഭാഗത്തെ കൽക്കെട്ട് മരത്തിന്റെ വേര് ഇറങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും പൊളിഞ്ഞു വീണു. കവലയിൽ റോഡിനോട് ചേർന്ന് ഉയരത്തിൽ നിൽക്കുന്ന ഏക മരമായതിനാൽ കാറ്റ് വീശുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. നിറയെ ശിഖരങ്ങളുള്ള മരം കടപുഴകിയാൽ വാഴൂർ റോഡിലേക്കോ സമീപത്തെ കെട്ടിടത്തിലേക്കോ വീഴാനാണ് സാധ്യത. മഴക്കാലത്ത് വാഴൂർ റോഡിൽ മരം വീണ് അപകടം പതിവാണ്.
തിരക്കേറിയ സെൻട്രൽ ജംക്‌ഷനിൽ മരം വീണാൽ വലിയ അപകടമുണ്ടാകും. മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി കൽക്കെട്ട് പുനർനിർമിച്ച് മരത്തെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.