ADVERTISEMENT

കുമരകം ∙ ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസം ഡയറക്ടർ സമ്മി യാഹിയും ഭാര്യ സൊഹദ് യാഹിയും കുമരകത്തെ പച്ചപ്പിന്റെ ലഹരിയിലായിരുന്നു. 3 മണിക്കൂർ നേരം നീണ്ട വള്ളത്തിലെ യാത്രയ്ക്ക് ശേഷം ഇരുവരും സന്ദർശന ഡയറിയിൽ ഇങ്ങനെ കുറിച്ചു. ‘കുമരകം അക്ഷരാർഥത്തിൽ ആസ്വദിച്ചു. കേരളീയ ഭക്ഷണത്തിന്റെ രുചി വൈവിധ്യവും കേരളീയ സമൂഹത്തിന്റെ സൗഹൃദവും സമാധാനം നിറഞ്ഞ ജീവിതവും ഞങ്ങൾ നന്നായി ആസ്വദിച്ചു’.

സമ്മി യാഹിയും ഭാര്യ സൊഹദ് യാഹിയും മധുവിധുയാത്രയുടെ ഭാഗമായാണ് കേരളത്തിലെത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായ വിവിധ സ്ഥലങ്ങളിലും വീടുകളിലും ഇവർ സന്ദർശനം നടത്തി. കയർ പിരിക്കുന്ന രീതികൾ കണ്ടതോടെ ആവേശത്തിലായി. സൊഹദ് കൈലി മുണ്ടുടുത്തു തനി കയർ തൊഴിലാളിയായി മാറി. പിരിച്ച കയർ കൊണ്ട് തലക്കെട്ട് ഉണ്ടാക്കി അത് കിരീടം പോലെ ധരിച്ചായിരുന്നു സഹദിന്റെ പിന്നീടുള്ള യാത്ര. വല വീശി മീൻ പിടിക്കാനും കള്ള് ചെത്തുന്നതു കാണാനും സമയം ചെലവഴിച്ചു. 

കുമരകത്തിന്റെ ചരിത്രവും കലാപാരമ്പര്യത്തെക്കുറിച്ചും കമ്യൂണിറ്റി ടൂർ ലീഡർ ആയ ഗീതുവിനോടു ചോദിച്ചറിഞ്ഞു. ഇരുവരെയും ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ വി.എസ്. ഭഗത് സിങ് സ്വീകരിച്ചു. കുമരകം ലേക്ക് റിസോർട്ടിൽ താമസിക്കുന്ന ഇവർ തേക്കടി കൂടി സന്ദർശിച്ച ശേഷമാകും മടങ്ങുക. ഇസ്രയേൽ ടൂറിസം ഡയറക്ടറുടെയും ഭാര്യയുടെയും കുമരകം ഗ്രാമീണ ടൂറിസം പാക്കേജിലെ സന്ദർശനം കോവിഡനന്തര ടൂറിസം പ്രവർത്തനത്തിലും ന്യൂ നോർമൽ കാലത്തെ ടൂറിസം പ്രവർത്തനങ്ങളിലും ആവേശം പകരുന്നതാണെന്നു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്റർ കെ. രൂപേഷ്കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com