ADVERTISEMENT

ഈരാറ്റുപേട്ട ∙ സിപിഎം–എസ്ഡിപിഐ ബന്ധമെന്ന രാഷ്ട്രീയ വിവാദമുയർന്ന ഈരാറ്റുപേട്ട നഗരസഭയിൽ അനിശ്ചിതത്വം തുടരുന്നു. ചെയർപഴ്സൻ സ്ഥാനത്തേക്ക് ആരു മത്സരിക്കുമെന്ന കാര്യത്തിൽ എൽഡിഎഫിൽ ധാരണയായില്ല. പ്രതികരണത്തിനില്ലെന്നു കോൺഗ്രസിൽ നിന്ന് കൂറുമാറിയ അംഗം അൻസൽന പരീക്കുട്ടി അറിയിച്ചു. അൻസൽനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസിന് ആക്ടിങ് ചെയർമാനായി ചുമതല നൽകി.

സാധ്യതകൾ

28 അംഗ നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ 5 അംഗങ്ങളുള്ള എസ്ഡിപിഐ നിലപാട് നിർണായകം. യുഡിഎഫിൽ നിന്ന് എത്തിയ അംഗം അടക്കം 10 കൗൺസിലർമാരാണ് എൽഡിഎഫിനുള്ളത്. എസ്ഡിപിഐ പിന്തുണ ലഭിച്ചാൽ 15 പേരാകും. എൽഡിഎഫ് ഭരണം ഉറപ്പ്. എന്നാൽ എസ്ഡിപിഐ പിന്തുണ വാങ്ങില്ലെന്ന പരസ്യ നിലപാട് സിപിഎം പ്രഖ്യാപിച്ചതിനാൽ പിന്തുണ ലഭിച്ചാൽ രാജിവയ്ക്കേണ്ടി വരും. കഴിഞ്ഞ കൗൺസിലിൽ സിപിഎം ചെയർമാൻ എസ്ഡിപിഐ പിന്തുണയോടെ ജയിച്ചെങ്കിലും രാജിവച്ചിരുന്നു.

കോൺഗ്രസ് വിട്ട് എത്തിയ അൻസൽനയെ ചെയർപഴ്സൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്ന ചർച്ച എൽഡിഎഫിൽ ഉണ്ടായെങ്കിലും ഉറപ്പായില്ല. ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നാണ് നേതാക്കൾ പറയുന്നത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടിയുണ്ടാകുമോയെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വിട്ടുനിന്നാൽ 13 അംഗങ്ങളുള്ള യുഡിഎഫിന് വീണ്ടും അധികാരം ലഭിക്കും. സ്ഥാനം നഷ്ടപ്പെട്ട സുഹറ അബ്ദുൽ ഖാദറിനെ തന്നെ മത്സരിപ്പിക്കുമെന്നാണു മുസ്‌ലിം ലീഗ് നിലപാട്.

എസ്ഡിപിഐ പിന്തുണ വേണ്ട: വി.എൻ.വാസവൻ

എസ്ഡിപിഐയുമായി അവിശുദ്ധ കൂട്ടുകെട്ടില്ലെന്നു മന്ത്രി വി.എൻ.വാസവൻ. എസ്ഡിപിഐയുടെ പിന്തുണ തേടില്ലെന്നതു പ്രഖ്യാപിത നിലപാടാണ്. ഇതിൽ നിന്നു മാറില്ല. രാഷ്ട്രീയ സാഹചര്യം നോക്കി സ്വതന്ത്രർ ഉൾപ്പെടെയുള്ളവരോടു ചേർന്ന് ഈരാറ്റുപേട്ടയിൽ മുന്നോട്ടു പോകും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം നഗരസഭകൾ യുഡിഎഫിന് ഭൂരിപക്ഷമുള്ളതല്ല. അവിടെ അവിശുദ്ധമായ മാർഗങ്ങളിലൂടെയാണു യുഡിഎഫ് അധികാരത്തിൽ എത്തിയതെന്നും വാസവൻ പറഞ്ഞു.

മുഖ്യമന്ത്രി നിലപാട് പറയണം: കെ. സുരേന്ദ്രൻ

കേരളത്തിൽ സിപിഎമ്മും എസ്ഡിപിഐയും പരസ്യ സഖ്യത്തിലേക്കു നീങ്ങുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇതിന്റെ തെളിവാണ് ഈരാറ്റുപേട്ട നഗരസഭയിലെ സംഭവങ്ങൾ. മുൻപ് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്ന സഖ്യമാണ് ഇപ്പോൾ പരസ്യമായത്.ഇതു കേരളത്തിന് ആപത്താണ്. മതനിരപേക്ഷതയ്ക്കെതിരെയുള്ള ഭരണനേതൃത്വത്തിന്റെ നീക്കമാണിത്. ഇതേക്കുറിച്ചു മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നിലപാടു വ്യക്തമാക്കണം. ജോസ് കെ. മാണിയും നിലപാട് പറയണം.

പാലാ ബിഷപ്പിനെതിരെ അക്രമാസക്തമായ പ്രകടനം നടത്താൻ നേതൃത്വം നൽകിയ എസ്ഡിപിഐയുമായുള്ള സിപിഎം സഖ്യം ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.കേരളത്തിലാണ് ഏറ്റവും കൂടുതൽ ലഹരിമരുന്നു കച്ചവടം നടക്കുന്നത്. തീവ്രവാദ സംഘടനകൾ പ്രവർത്തനത്തിനായി ലഹരി സംഘങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവിന്റെ വീട്ടിൽ നിന്ന് അകലെയല്ല ഈരാറ്റുപേട്ട : സതീശൻ

എറണാകുളം മഹാരാജാസ് കോളജിൽ എസ്ഡിപിഐക്കാർ കൊല ചെയ്ത എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട്ടിൽ നിന്ന് ഈരാറ്റുപേട്ടയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് എ. വിജയരാഘവനോട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് നിലവിളിച്ച പാർട്ടിയാണ് സിപിഎം. ഈരാറ്റുപേട്ടയിൽ യുഡിഎഫിനെ താഴെയിറക്കാൻ എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയത് അതേ പാർട്ടി തന്നെ. താൽക്കാലിക ലാഭത്തിനായി ആരുമായും കൂട്ടുകൂടുന്ന പാർട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവനെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് യോഗം നാളെ

യുഡിഎഫ് ജില്ലാ നേതൃയോഗം നാളെ രണ്ടിനു ഡിസിസി ഓഫിസിൽ ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ തുടങ്ങിയവർ പങ്കെടുക്കും.

അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണമുന്നയിച്ച ഡിസിസി പ്രസിഡന്റ് അതിനു തെളിവ് നൽകാനുള്ള മാന്യത കാട്ടണം. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും മൂലം ആ പാർട്ടിയിൽ നിന്ന് ആളുകൾ ചേരി മാറുന്നതിന്റെ ഉത്തരവാദിത്തം എന്റെ മേൽ കെട്ടിവയ്ക്കരുത്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നു പറഞ്ഞ ശേഷം സിപിഎം ഈരാറ്റുപേട്ടയിൽ അവരുമായി കൂട്ടു കൂടിയിരിക്കുകയാണ്. ആവശ്യമുള്ളപ്പോൾ എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് അംഗം കൂറുമാറിയതിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ല. നല്ല നിലയിലാണ് ഈരാറ്റുപേട്ടയിൽ ഭരണം മുന്നോട്ടു പോയത്.
അസീസ് ബഡായിൽ ജില്ലാ പ്രസിഡന്റ് മുസ്‌ലിം ലീഗ്

ഈരാറ്റുപേട്ട നഗരസഭയിലെ സ്വജനപക്ഷപാതപരമായ ഭരണത്തിന് എതിരെയാണ് എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനു പിന്തുണ നൽകിയത്. സിപിഎമ്മുമായി ധാരണയില്ല. ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ എന്തു നിലപാടെടുക്കണമെന്ന് അടുത്ത ദിവസം തീരുമാനിക്കും.
മുഹമ്മദ് സിയാദ് ജില്ലാ പ്രസിഡന്റ് എസ്ഡിപിഐ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com