അധികൃതർക്കൊരു കുട്ടിപ്പാഠം; 4 കുട്ടികൾ ചേർന്നു റോഡ് നന്നാക്കിയ കഥ
Mail This Article
എരുമേലി ∙ ഉന്തുവണ്ടിയിൽ ശ്രീഹരി മണ്ണു നിറച്ചു. അഖിൽ വണ്ടി തള്ളി, റോഡിൽ മണ്ണിറക്കി. ആകാശും ശ്രീനിവാസും റോഡിലെ കുഴി നികത്തി–4 കുട്ടികൾ ചേർന്നു റോഡ് നന്നാക്കിയ കഥയാണിത്. ഒപ്പം, ജനപ്രതിനിധികളുടെ അനാസ്ഥയ്ക്കെതിരെയുള്ള നാടിന്റെ പ്രതിഷേധവും. എരുമേലി – ആമക്കുന്ന് – ചെമ്പകത്തുങ്കൽ പാലം റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. നാട്ടുകാർ പലവട്ടം പരാതി പറഞ്ഞു. കുഴി വലുതായതല്ലാതെ ഫലമുണ്ടായില്ല.
ഓട്ടോക്കാർ ഇവിടേക്ക് ഓട്ടം വരാറില്ല. കുത്തനെയുള്ള കയറ്റവും വളവുകളുള്ള റോഡിൽ വലിയ കുഴികളുമുണ്ട്. പാലയ്ക്കൽ അഖിൽ (11), സഹോദരൻ ആകാശ് (8), വെട്ടുകുഴിയിൽ ശ്രീഹരി(13), സഹോദരൻ ശ്രീനിവാസ് (6) എന്നിവർ ചേർന്നു ചെറിയ കല്ലുകൾ അടുക്കി അതിനു മേലെ മണ്ണിട്ടതോടെ പാത താൽക്കാലികമായെങ്കിലും സഞ്ചാരയോഗ്യമായി. ഈ പാതയോരത്തെ താമസക്കാരാണ് ഇവർ.അഖിലും ആകാശും കൊല്ലമുള ലിറ്റിൽഫ്ലവർ സ്കൂളിലും ശ്രീഹരിയും ശ്രീനിവാസും എരുമേലി നിർമല സ്കൂളിലും പഠിക്കുന്നു.