വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തുടങ്ങി
Mail This Article
രാമപുരം ∙ ദൈവത്തിന്റെ കരങ്ങൾ ആദ്യം ചെന്നെത്തുന്നത് പാവപ്പെട്ടവരിലാണെന്നു പാലക്കാട് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. പാവങ്ങൾക്കായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഭൂമിയിലെ ദൈവത്തിന്റെ കരങ്ങളായിരുന്നെന്നെന്നും അദ്ദേഹം പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ കൊടിയേറ്റു കർമവും കുർബാന അർപ്പിച്ചു സന്ദേശവും നൽകുകയായിരുന്നു മാർ കൊച്ചുപുരയ്ക്കൽ.
ഫൊറോന വികാരി ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ഡോ. സെബാസ്റ്റ്യൻ നടുത്തടം എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ രാവിലെ കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കുർബാന അർപ്പിച്ചു. ഡ്രൈവർമാരെ സമർപ്പിച്ചുള്ള പ്രാർഥന നടത്തി.
15 നു വൈകിട്ട് 4ന് കുർബാന, ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 10ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകും. പുലർച്ചെ മുതൽ വൈകിട്ടുവരെ തുടർച്ചയായി കുർബാന ഉണ്ടാകും. രാത്രി 8ന് കലാസന്ധ്യ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദിയും ആഘോഷിക്കും.