അയൽവാസിയെ വെട്ടി കുത്തൊഴുക്കുള്ള ആറ്റിൽ ചാടി; പ്രതിയെ കരയ്ക്കെത്തിച്ച ശേഷം അറസ്റ്റ്
Mail This Article
കോട്ടയം ∙ അയൽവാസിയെ വെട്ടി പരുക്കേൽപ്പിച്ചശേഷം യുവാവ് കുത്തൊഴുക്കുള്ള ആറ്റിൽ ചാടി. കടപുഴകിയ മരത്തിന്റെ കൊമ്പത്ത് കയറിയിരുന്ന യുവാവിനെ ഒന്നരമണിക്കൂറിനുശേഷം അഗ്നിരക്ഷാ സേന കരയ്ക്കെത്തിച്ച് പൊലീസിന് കൈമാറി. സംക്രാന്തി മാലിഭാഗം ചെട്ടിയേടത്ത് എബിനെയാണ് (അരുൺ–27) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നീലിമംഗലം മുസ്‌ലിം പള്ളിക്കു സമീപം വടക്കേക്കുറ്റ് നാസറിനാണ് (61) വെട്ടേറ്റത്. മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 11.30നാണ് സംഭവം. മീൻ കച്ചവടം കഴിഞ്ഞ് ബൈക്കിൽ വന്ന നാസറിനെ മടത്തിപ്പറമ്പ് ഭാഗത്തുവച്ച് ആക്രമിക്കുകയായിരുന്നു. തലയുടെ പിന്നിലും കാലിന്റെ പെരുവിരൽ ഭാഗത്തുമാണ് വെട്ടേറ്റത്. നാട്ടുകാർ കൂടിയതോടെ രക്ഷപ്പെടാനായി അരുൺ സമീപത്തെ ആറ്റിലേക്കു ചാടി. വെള്ളം ഉയർന്ന ആറ്റിലെ കുത്തൊഴുക്കിൽ മറുകരയിലേക്ക് നീന്തുന്നതിനിടെ അരുൺ ആറ്റിൽ ഉയർന്നുനിന്ന മരത്തിന്റെ കൊമ്പത്ത് കയറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തി. ഇരുകരകളിലും നാട്ടുകാരും കൂടി. പൊലീസ് അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. റബർ ഡിങ്കിയിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ സമീപത്ത് എത്തിയതോടെ അരുൺ ഭീഷണി മുഴക്കി. പിന്നീട് അനുനയിപ്പിച്ച് റബർ ഡിങ്കിയിൽ കയറ്റി കരയ്ക്കെത്തിച്ചു.
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സംഭവസ്ഥലത്തിനു സമീപത്തുനിന്നു ആക്രമിക്കാൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു. പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നു പ്രചരിപ്പിച്ചതിന്റെ വിരോധത്തിനാണ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ സന്തോഷ്, സിപിഒ സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും.