ഓർമകളിൽ കാഞ്ഞിരപ്പള്ളിയിലെ ‘വലിയ വക്കീൽ’
Mail This Article
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും ശ്രീമൂലം പ്രജാസഭയിലും അംഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച കരിപ്പാപ്പറമ്പിൽ ഡൊമിനിക് തൊമ്മന്റെ 75–ാം ചരമവാർഷികം ഇന്ന്
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗത്ത് ഇംഗ്ലിഷ് സ്കൂൾ ആരംഭിച്ച സമയം. എല്ലാ ദിവസവും ഡൊമിനിക് വക്കീൽ സ്കൂളിലെത്തും. അറ്റൻഡൻസ് എടുക്കുന്നതു വക്കീലാണ്. അതിനു ശേഷം പുറത്തേക്കിറങ്ങിയാൽ നേരെ പോകുന്നത് ക്ലാസിൽ വരാത്ത കുട്ടികളുടെ വീടുകളിലേക്ക്. അവരെ കണ്ടെത്തി സ്കൂളിൽ തിരികെയെത്തിക്കും. കാർഷിക മേഖലയായ കാഞ്ഞിരപ്പള്ളിയിലെ ഒരു നൂറ്റാണ്ടു മുൻപത്തെ കാഴ്ചയാണിത്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ കരിപ്പാപ്പറമ്പിൽ തറവാട്ടുവീടായ റോസാലയത്തിന്റെ മുറ്റത്ത് ആകാശം മുട്ടെ വളർന്നു നിൽക്കുന്ന രണ്ടു കമ്പക മരങ്ങളുണ്ട്.
ശാഖോപശാഖകളായി തഴച്ചു വളർന്നു നിൽക്കുന്ന ആ മരങ്ങൾ പോലെയാണു ഡൊമിനിക് വക്കീലും ആ തറവാടും. കരിപ്പാപ്പറമ്പിൽ ഡൊമിനിക് തൊമ്മൻ പോയ്മറഞ്ഞിട്ട് 75 കൊല്ലം തികയുന്നെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്നും കാഞ്ഞിരപ്പള്ളിയിലും പരിസരത്തും പച്ചപിടിച്ചു നിൽക്കുന്നു. പ്രദേശത്തെ ആദ്യ ഇംഗ്ലിഷ് സ്കൂൾ മുതൽ സാമൂഹിക സേവന രംഗത്തെ മായാമുദ്രകൾ വരെ അക്കൂട്ടത്തിലുണ്ട്. 1874 ഏപ്രിൽ നാലിനു ജനിച്ച ഡൊമിനിക് തൊമ്മൻ 1946 ഒക്ടോബർ 28ന് 72–ാം വയസ്സിലാണ് അന്തരിച്ചത്.
ജനങ്ങളുടെ പ്രതിനിധി
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ, ശ്രീമൂലം പ്രജാസഭ എന്നീ ജനപ്രതിനിധി സഭകളിൽ അംഗമായിരുന്നു കാഞ്ഞിരപ്പള്ളിക്കാരുടെ വലിയ വക്കീൽ. ചങ്ങനാശേരി എസ്ബി സ്കൂളിൽ നിന്ന് ഇംഗ്ലിഷ് വിദ്യാഭ്യാസവും തിരുവനന്തപുരത്തു നിന്നു വക്കീൽ പരീക്ഷയും പാസായ അദ്ദേഹം ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അന്നേ തിരിച്ചറിഞ്ഞു. നാട്ടുകാർക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ കുന്നുംഭാഗത്ത് 1909ൽ ഇംഗ്ലിഷ് സെക്കൻഡറി സ്കൂൾ സ്ഥാപിച്ചു. 1931ൽ ഇതു കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂളായി.
രാജകീയ വൃക്ഷങ്ങൾ എന്നു പേരിട്ടിരുന്ന ഈട്ടി, തേക്ക് എന്നിവ വെട്ടാൻ കർഷകർക്ക് അനുമതിയില്ലാതിരുന്ന കാലം. ഇതു രാജസ്വത്തായിട്ടാണ് കണക്കാക്കിയിരുന്നത്. സ്വന്തം പറമ്പിൽ നിൽക്കുന്ന വൃക്ഷങ്ങൾക്കു പോലും കർഷകർക്ക് ഉടമസ്ഥാവകാശമില്ലായിരുന്നു. ഡൊമിനിക് തൊമ്മൻ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മരങ്ങൾ വെട്ടാൻ തിരുവിതാംകൂറിൽ അനുമതി ലഭിക്കുന്നത്. കർഷകർക്ക് അക്കാലത്ത് വലിയ ആശ്വാസമായിരുന്നു തീരുമാനം. പ്രകൃതിസ്നേഹം ഇന്നത്തെ കാലത്തെപ്പോലെ വികസിക്കുന്നതിനു മുൻപു തന്നെ കാടിനും മരങ്ങൾക്കും വേണ്ടി അദ്ദേഹം വാദിച്ചു.
ബ്രിട്ടിഷുകാരുടെ കീഴിലുള്ള ബ്രൂക്ബോണ്ട് കമ്പനിക്ക് കിഴക്കൻ മലയോരത്ത് 1,000 ഏക്കർ വനഭൂമി പതിച്ചു നൽകാൻ തിരുവിതാംകൂർ ദിവാൻ തീരുമാനമെടുത്തപ്പോൾ വനം സംരക്ഷിക്കാൻ ഡൊമിനിക് വക്കീൽ മുന്നിട്ടിറങ്ങി. പ്രതിഷേധം തിരുവിതാംകൂർ മഹാരാജാവിന്റെ മുന്നിലെത്തിച്ച് തീരുമാനം സ്റ്റേ ചെയ്യിപ്പിച്ചു. മരങ്ങളോടുള്ള വക്കീലിന്റെ സ്നേഹം കരിപ്പാപ്പറമ്പിൽ കുടുംബം ഏറ്റെടുത്തു. തറവാട്ടുവീടിനു മുന്നിലൂടെ പോകുന്ന ഡൊമിനിക് വക്കീലിന്റെ പേരിൽത്തന്നെയുള്ള റോഡിൽ നിറയെ മരങ്ങളാണ്. അദ്ദേഹത്തിന്റെ മകനായ ഇങ്കാച്ചൻ എന്നു വിളിച്ചിരുന്ന ഡൊമിനിക് ഏബ്രഹാമാണ് ഇതു വച്ചുപിടിപ്പിച്ചത്.
പറുദീസ സൃഷ്ടിച്ച വക്കീൽ
മാങ്കോസ്റ്റിൻ, ഡൂറിയൻ തുടങ്ങിയ പഴവർഗങ്ങൾ ആദ്യമായി നാട്ടിൽ എത്തിച്ചതു ഡൊമിനിക് തൊമ്മനാണ്. കുറുവാമൂഴിയിൽ പറുദീസ എന്നു പേരിട്ട സ്ഥലത്ത് ഇത്തരത്തിലുള്ള പഴങ്ങളുടെ മരങ്ങൾ ധാരാളമായി വച്ചുപിടിപ്പിച്ചു. ഇപ്പോഴും കുറുവാമൂഴിയിൽ അന്നു നട്ട മാങ്കോസ്റ്റിൻ മരങ്ങളുണ്ട്. എണ്ണപ്പനക്കൃഷിയും കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിച്ചു. ചക്കിൽ എണ്ണ ആട്ടുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കി. ഇതിൽ നിന്നു സോപ്പ് ഉണ്ടാക്കാനുള്ള പദ്ധതിയും തയാറാക്കിയിരുന്നു.
പടർന്നു പന്തലിച്ച കുടുംബം
ഡൊമിനിക് വക്കീലിന് 22 മക്കളുണ്ട്. ആദ്യ ഭാര്യ റോസമ്മയുടെ മരണശേഷം ഫിലോമിനയെ വിവാഹം ചെയ്തു. കൊച്ചുമക്കളുടെ എണ്ണം 100. 1996ൽ ഡൊമിനിക് വക്കീലിന്റെ 50–ാം ചരമവാർഷിക ദിനത്തിൽ കല്ലറയിൽ വച്ച ബൊക്കെയിൽ കൊച്ചുമക്കളുടെയെല്ലാം പേരെഴുതിയിരുന്നു. അന്നാണ് തങ്ങളുടെ അംഗബലം ഇത്രയുമുണ്ടെന്ന് കൊച്ചുമക്കൾക്കു പോലും ബോധ്യമായത്. ആദ്യഭാര്യ റോസമ്മയിൽ 11 മക്കൾ. ഫിലോമിനയുമായുള്ള വിവാഹത്തിലും 11 മക്കൾ. ഹാനിബോൾ ഡൊമിനിക്, ജോൺ ഡൊമിനിക്, ആനിമ്മ ജോർജ് പുളിക്കൽ എന്നിവരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന മക്കൾ. മക്കൾക്ക് എല്ലാം മികച്ച വിദ്യാഭ്യാസം നൽകിയ ഡൊമിനിക് വക്കീൽ രണ്ടു മക്കളെ റോയൽ ഇന്ത്യൻ ആർമിയിൽ സേവനത്തിനും അയച്ചു. ലഫ്. ഡൊമിനിക് സെബാസ്റ്റ്യനും ക്യാപ്റ്റൻ തെരേസ ഡൊമിനിക്കുമാണ് കരസേനയിൽ സേവനമനുഷ്ഠിച്ചത്. ഇരുവരും ഡോക്ടർമാരായിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ തന്നെ ആദ്യകാല ഡോക്ടർമാരായിരുന്നു ഇരുവരും. 35–ാം വയസ്സിൽ 1941ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ലഫ്. ഡൊമിനിക് സെബാസ്റ്റ്യൻ ഇറാഖിലെ മൊസൂളിൽ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കു ശേഷമാണ് ഈ വിവരം ടെലിഗ്രാമായി കാഞ്ഞിരപ്പള്ളിയിൽ അറിയുന്നത്. ഇതു ഡൊമിനിക് വക്കീലിനു വലിയ ആഘാതമായി. ടെലിഗ്രാം വായിച്ച അദ്ദേഹം പക്ഷാഘാതത്താൽ വീണുപോയി. പിന്നീടുള്ള 5 വർഷവും ഇതിന്റെ ദുരിതങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ക്രിസ്ത്യാനികളുടെ പൂർവികസ്വത്തിൽ പെൺമക്കൾക്കും അവകാശമുണ്ടെന്ന മേരി റോയി കേസ് വരുന്നതിനു വർഷങ്ങൾക്കു മുൻപു തന്നെ എല്ലാ പെൺമക്കൾക്കും സ്വത്തിന്റെ വീതം കൃത്യമായി അദ്ദേഹം വീതിച്ചു നൽകി. ആൺ–പെൺ വ്യത്യാസമൊന്നും മക്കളുടെ കാര്യത്തിൽ പുലർത്തിയില്ല.
മിടുക്കനായ അഭിഭാഷകൻ
കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പേരെടുത്ത വക്കീലായി ഡൊമിനിക് തൊമ്മൻ മാറിയിരുന്നു. പഠനത്തിനു ശേഷം കോട്ടയം, പാലാ കോടതികളിലായിരുന്നു പ്രാക്ടീസ്. 1907ൽ പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി മേഖലയ്ക്കായി കോടതി വന്നതോടെ അങ്ങോട്ടു മാറി. ബ്രിട്ടിഷുകാരുടേതടക്കം കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു. ഇന്ത്യയിലേക്ക് റബർക്കൃഷി കൊണ്ടുവന്ന ജെ.ജെ.മർഫിയെ രക്ഷിച്ച കഥ പ്രസിദ്ധമാണ്. മർഫി മുണ്ടക്കയം പ്രദേശത്തു താമസിക്കുന്ന കാലം. ഒരു കടയിലെ മദ്യക്കുപ്പികൾ അദ്ദേഹം തകർത്തു. കേസായി. മർഫിക്ക് കള്ളം പറയാൻ സാധിക്കില്ല. എന്നാൽ കേസിൽ നിന്നു രക്ഷപ്പെടുകയും വേണം.
കോട്ടയത്തെ വക്കീലന്മാരെയെല്ലാം സമീപിച്ചു. കള്ളം പറയില്ലെന്ന മർഫിയുടെ പിടിവാശിയിൽ എല്ലാവരും പിൻവാങ്ങി. ഒടുവിൽ കാഞ്ഞിരപ്പള്ളിയിൽ എത്തി ഡൊമിനിക് വക്കീലിനെ കണ്ടു. അദ്ദേഹം ആലോചിച്ചു. 1940കളിലെ ലോകമഹായുദ്ധ കാലം. ആ കടയിൽ ജർമൻ മദ്യമുണ്ടായിരുന്നോ? മർഫി ഉണ്ടെന്നു പറഞ്ഞു. കോടതിയിൽ ഡൊമിനിക് വക്കീലിന്റെ വാദം– കടയിലെത്തിയ ബ്രിട്ടിഷുകാരനായ മർഫി ജർമൻ മദ്യം കണ്ടപ്പോൾ വികാരാധീനനായി പൊട്ടിച്ചതാണ്. ബ്രിട്ടിഷ് കോടതിയിൽ ഇതിലും വലിയ വാദമുണ്ടോ! മർഫി പുഷ്പം പോലെ കുറ്റവിമുക്തനായി.
കരിപ്പാപ്പറമ്പിലെ നവരത്നങ്ങൾ
കേരളത്തിലെ വിവിധ നിയമനിർമാണസഭകളിൽ കരിപ്പാപ്പറമ്പിൽ കുടുംബത്തിൽ നിന്ന് 9 പേർ അംഗങ്ങളായിയുണ്ട്. ഇവരിലെ പ്രഥമസ്ഥാനീയനായിരുന്നു ഡൊമിനിക് തൊമ്മൻ. അദ്ദേഹത്തിന്റെ സഹോദരൻ തൊമ്മൻ ചെറിയാന്റെ മക്കളാണ് തിരുവിതാംകൂറിന്റെ ഝാൻസി റാണിയെന്ന് അറിയപ്പെടുന്ന അക്കമ്മ ചെറിയാനും കേരള നിയമസഭയുടെ ചരിത്രത്തിൽ അര ഡസനിലേറെ റെക്കോർഡുകളുടെ ഉടമയായ റോസമ്മ പുന്നൂസും.