ADVERTISEMENT

കോട്ടയം ∙ എക്സ്റേ കിരണങ്ങൾ കണ്ടുപിടിച്ചിട്ട് ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ കോട്ടയത്തെ ആദ്യ എക്സ്റേ മെഷീന് പ്രായം 57. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷീൻ,  ഡെന്റൽ കോളജിലെ മ്യൂസിയത്തിലുണ്ട്. ഇതിപ്പോഴും  പ്രവർത്തന സജ്ജമാണ്. കൂടുതൽ കാലം ഡെന്റൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഡോ. വി.കെ. മാണി ഉപയോഗിച്ചിരുന്ന ഈ മെഷീനും ആദ്യകാല ഡെന്റൽ കസേരയും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ മകൻ ഡോ. റൊമേഷ് മാണിയാണ് ഡെന്റൽ കോളജിനു സംഭാവന ചെയ്തത്.

എക്സ്റേ മെഷീൻ കണ്ടുപിടിച്ചതിന്റെ 126-ാം വാർഷികത്തോടനുബന്ധിച്ച് ഡെന്റൽ കോളജിലെ പ്രദർശനത്തിൽ ഈ മെഷീനും അനുബന്ധ സാമഗ്രികളും ഇടം പിടിക്കും. മദ്രാസ് ഡെന്റൽ കോളജിൽ നിന്നു ബിരുദ പഠനത്തിനു ശേഷം 1935 ലാണ്     ‍ഡോ. വി.കെ.മാണി കോട്ടയത്ത് സേവനം ആരംഭിച്ചത്. 1964 ലാണ് ജർമനിയിൽനിന്നു  മെഷീൻ കപ്പൽ മാർഗം എത്തിച്ചതെന്ന് ഡോ. റൊമേഷ് മാണി പറഞ്ഞു. 40 വർഷം ഇതു പ്രവർത്തിപ്പിച്ചു. ഡോ. വി.കെ. മാണിയുടെ മരണത്തിനു

ശേഷവും ഇതു സംരക്ഷിച്ചു. പ്രിൻസിപ്പലായിരുന്ന ഡോ. ജോർജ് വർഗീസ്  ഡെന്റൽ കോളജിൽ  മ്യൂസിയം ആരംഭിച്ചതോടെ അവിടേക്കു സംഭാവന നൽകി. 1970 ലാണ്  മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോളജി വിഭാഗം ആരംഭിച്ചത്. ഇപ്പോൾ അത്യാധുനിക സിടി, എംആർഐ സ്കാനിങ് സൗകര്യം വരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലുണ്ട്.

126 -ാം വാർഷികം നാളെ

എക്സ്റേ കണ്ടുപിടിച്ചതിന്റെ 126 -ാം വാർഷികം നാളെ ഗവ.ഡെന്റൽ കോളജിൽ ആഘോഷിക്കും. 9 മുതൽ പൊതുജനങ്ങൾക്ക് വേണ്ടി എക്സ്റേ പരിചയപ്പെടുത്തുന്ന പ്രദർശനം നടത്തും. റേഡിയോളജി, എക്സ്റേ എന്നിവ സംബന്ധിച്ച നൂതന സാങ്കേതികവിദ്യകൾ പൊതുജനങ്ങളിൽ എത്തിക്കുകയാണു ലക്ഷ്യം. 10നു ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ടി ബീന ഉദ്ഘാടനം ചെയ്യും.  റേഡിയേഷൻ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കുന്ന പോസ്റ്റർ മത്സരവും വൈകിട്ട് 7 മുതൽ മാക്സിലോഫേഷ്യൽ ഇന്റർവെൻഷനൽ എന്ന വിഷയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മനാഭൻ നയിക്കുന്ന ഓൺലൈൻ ക്ലാസും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com