അറുപതിന്റെ നിറവിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ
Mail This Article
കുറവിലങ്ങാട് ∙ കാക്കി ട്രൗസറും ഷർട്ടും അണിഞ്ഞു തലയിൽ കൂമ്പൻ തൊപ്പിയും വച്ചു പൊലീസ് കുറവിലങ്ങാട്ട് വന്നിട്ടു 60 വർഷം. 1961 ൽ ഒരു എസ്ഐയും മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട എയ്ഡ് പോസ്റ്റ് ആയി ആരംഭിച്ച സ്റ്റേഷൻ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായി മാറി. അറുപതാം പിറന്നാളാഘോഷം ഇല്ല. ഇപ്പോൾ എസ്എച്ച്ഒ ഉൾപ്പെടെ 36 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു. ഇതിൽ 4 പേർ വനിതാ സിവിൽ പൊലീസ് ഓഫിസർമാർ. ഗതാഗത നിയന്ത്രണത്തിനു 4 ഹോം ഗാർഡുകൾ.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ
കാണക്കാരി, കുറവിലങ്ങാട്, ഉഴവൂർ പഞ്ചായത്തുകളും മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ 2 വാർഡുകളും. വൈക്കം ഡിവൈഎസ്പി ഓഫിസിനു കീഴിലാണു പ്രവർത്തനം. കുറവിലങ്ങാട്, കാണക്കാരി, മോനിപ്പള്ളി വില്ലേജുകൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ.
∙എംസി റോഡിൽ പട്ടിത്താനം മുതൽ ആച്ചിക്കൽ വരെ 18.6കിലോമീറ്റർ കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിൽ. ജില്ലയിൽ എംസി റോഡ് ഏറ്റവും ദൂരത്തിൽ കടന്നു പോകുന്നത് കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലൂടെ.
∙കോഴായിൽ കൃഷി വകുപ്പിന്റെ സംസ്ഥാന ഓഫിസുകൾ ഉൾപ്പെടെ ഇരുപതോളം സർക്കാർ ഓഫിസുകൾ സ്റ്റേഷൻ പരിധിയിൽ. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി, സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെവി സബ് സ്റ്റേഷൻ എന്നിവ താമസിയാതെ പ്രവർത്തനം ആരംഭിക്കും.
∙ഇരുപതോളം ആശുപത്രികൾ, പതിനഞ്ചിലധികം ബാങ്കുകൾ, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം ഉൾപ്പെടെ ആരാധനാലയങ്ങൾ, മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ സ്മൃതിമണ്ഡപം എന്നിവ സ്റ്റേഷൻ പരിധിയിൽ.
കുറ്റകൃത്യങ്ങൾ കുറവ്
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു കീഴിലായിരുന്നു കുറവിലങ്ങാട് മേഖല ഒരു കാലത്ത്. 1961 ഫെബ്രുവരി 11ന് കുറവിലങ്ങാട് കേന്ദ്രമായി പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. 1963ൽ കെ.കെ.യോഹന്നാൻ ആദ്യ സബ് ഇൻസ്പെക്ടർ ആയി ചുമതലയേറ്റു. 95 ഉദ്യോഗസ്ഥർ 6 പതിറ്റാണ്ടിനിടെ സ്റ്റേഷൻ ചുമതല വഹിച്ചു. ഇപ്പോൾ സജീവ് ചെറിയാൻ ആണ് എസ്എച്ച്ഒ. പോസ്റ്റ് ഓഫിസിന് സമീപം വെള്ളായിപ്പറമ്പിൽ ബിൽഡിങ്സിൽ വർഷങ്ങളോളം പ്രവർത്തനം.
പിന്നീട് ഇത് പൊലീസ് സ്റ്റേഷനാക്കി ഉയർത്തി. 1984ൽ എംസി റോഡരികത്ത് പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി സ്റ്റേഷന്റെ പ്രവർത്തനം ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി. 1984 ഒക്ടോബർ 27ന് അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവി പുതിയ സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കേസുകൾ കുറവ്. ഇപ്പോഴും ജില്ലയിൽ ഏറ്റവും കുറവ് കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിൽ ഒരെണ്ണമാണ് കുറവിലങ്ങാട് മേഖല. ഉദ്യോഗസ്ഥർക്കായി നിർമിച്ചിരിക്കുന്ന ക്വാർട്ടേഴ്സുകൾ കാലപ്പഴക്കം മൂലം ബലക്ഷയത്തിലാണ്
വേറിട്ട കാഴ്ചകൾ
ഗാർഡൻ സിറ്റി ഓഫ് കുറവിലങ്ങാട് എന്ന പേരിൽ സ്റ്റേഷൻ പരിസരത്ത് പൂന്തോട്ടം. ഇരിപ്പിടങ്ങൾ, കഫറ്റേരിയ, കുട്ടികളുമായി എത്തുന്ന അമ്മമാർക്കു ഫീഡിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കു കുട്ടികളുമായി സംസാരിക്കുന്നതിനു പ്രത്യേക മുറിയും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.