ADVERTISEMENT

ചങ്ങനാശേരി ∙ ശുചിത്വ ക്യാംപെയ്നുകളും പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും സജീവമാകുമ്പോഴും  നഗരത്തിൽ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ  . നഗരമധ്യത്തിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ ശുചിമുറികളിൽ നിന്നുള്ള മലിനജലം ഒഴുകുന്നതും  ബൈപാസിൽ ശുചിമുറി മാലിന്യം തള്ളുന്നതുമാണു ജനങ്ങൾക്ക് ദുരിതമായി തുടരുന്നത്.

∙കെഎസ്ആർടിസിയിലെ അവസ്ഥ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഗാരേജിലെ ശുചിമുറികളിൽ നിന്ന് മലിനജലം സമീപത്തുള്ള എംവൈഎംഎ റോഡിലൂടെ ഒഴുകുന്നതായുള്ള പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ശുചിമുറികളുടെ ടാങ്കുകൾ സ്ഥാപിച്ചതിന്റെ അശാസ്ത്രീയത മുതൽ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം ഇനിയും ഉണ്ടായിട്ടില്ല. വ്യാപാരികൾ, കാൽനട യാത്രക്കാർ, വാഹനയാത്രക്കാർ തുടങ്ങി ഈ മലിന ജലത്തിലൂടെ സഞ്ചരിക്കുന്നവർ ഒട്ടേറെയാണ്. മലിനജലം റോഡിലേക്ക് ഒഴുകുന്നത് 

തടയാൻ നടപടി ആവശ്യപ്പെട്ട് സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടിഒ ഓഫിസ് ഉപരോധിച്ചു. ഏരിയ കമ്മിറ്റി അംഗം പി.എ.നിസാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.എ.സജികുമാർ, എം.ആർ.ഫസൽ, ടി.മോഹൻ, കൗൺസിലർ കുഞ്ഞുമോൾ സാബു എന്നിവർ നേതൃത്വം നൽകി. ഇവരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ശുചിമുറികൾ താൽക്കാലികമായി അടച്ചു പൂട്ടുകയും ചെയ്തു.

എന്നാൽ ശുചിമുറികൾ അടച്ചു പൂട്ടിയതോടെ ഗാരേജിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള കെഎസ്ആർടിസി ജീവനക്കാർ ദുരിതത്തിലായി. ജോലിക്ക് ശേഷം കരി ഓയിലും മറ്റും കഴുകിക്കളയാൻ ഇവർ ഏറെ പ്രയാസപ്പെട്ടു.കെഎസ്ആർടിസിലെ പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മാലിന്യം നീക്കം ചെയ്യാൻ അടിയന്തരമായി നിർദേശം നൽകിയതായും ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. പുതിയ ടാങ്ക് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കാൻ എൻജിനീയറെ ചുമതലപ്പെടുത്തിയതായും ഇവർ ഇന്നലെ ചങ്ങനാശേരിയിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു.

∙ ബൈപാസിലെ അവസ്ഥ

പാലാത്ര – ളായിക്കാട് ബൈപാസിൽ പലയിടങ്ങളിലായി മാലിന്യം ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. അറവ് ശാലകളിൽ നിന്നുള്ള മാലിന്യം വരെ റോഡിൽ കിടക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. റെയിൽവേ സ്റ്റേഷനു സമീപവും എസ്എച്ച് ജംക്‌ഷനും ളായിക്കാടിനും ഇടയിലുള്ള ഭാഗത്തുമാണു മാലിന്യം കൂടുതലായി തള്ളുന്നത്.മൂക്ക് പൊത്തിയല്ലാതെ ഈ ഭാഗത്തു കൂടി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 

ഈ പരാതികൾ നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം റോഡരികിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി . ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചും സ്ക്വാഡ് വർക്ക് ശക്തിപ്പെടുത്തിയും കുറ്റക്കാരെ കണ്ടെത്തുമെന്ന് അധികൃതർ പറയുന്നത് പതിവാണെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെ ളായിക്കാട് ഭാഗത്ത് ആളുകൾ രാത്രിയിൽ സംഘങ്ങളായി തിരിഞ്ഞ് കുറച്ച് നാൾ ബൈപാസിൽ നിരീക്ഷണം നടത്തിയെങ്കിലും ഇവരുടെ സാന്നിധ്യം ഇല്ലാത്ത ഭാഗങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നത് പതിവായതോടെ ശ്രമം ഉപേക്ഷിച്ചു. ളായിക്കാട് ഭാഗത്ത് റോഡിലെ കുഴികളും യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com