നഷ്ടമായത് കൈപ്പത്തിയല്ലേ, മനക്കരുത്ത് അല്ലല്ലോ; കൈപ്പത്തി ഇല്ലാത്ത കയ്യുമായി അതേ തൊഴിൽ ചെയ്തു ജീവിതം മുന്നോട്ട്..
Mail This Article
ഏറ്റുമാനൂർ ∙ പഠിച്ച തൊഴിൽ ഇഷ്ടത്തോടെ ചെയ്തു വരുന്നതിനിടെ കൈപ്പത്തി നഷ്ടമായി. പിന്നീട് കൈപ്പത്തി ഇല്ലാത്ത കയ്യുമായി അതേ തൊഴിൽ ചെയ്തു ജീവിതം മുന്നോട്ട് നയിക്കുകയാണ് ആറുമാനൂർ വടക്കേകുറ്റ് വീട്ടിൽ ഇ.ജി. രാജൻ (59). 12 വയസ്സു മുതൽ സൈക്കിളും ഇരുചക്ര വാഹനങ്ങളും രാജൻ റിപ്പയറിങ് ആരംഭിച്ചിരുന്നു. എന്നാൽ 17ാം വയസ്സിൽ 1977ൽ പടക്കം പൊട്ടി രാജന്റെ വലതു കൈപ്പത്തി നഷ്ടമായി. 1977ലായിരുന്നു സംഭവം. പെരുന്നാളിന്റെ വെടിക്കെട്ടിനു ശേഷം പൊട്ടാതെ ബാക്കി കിടന്ന പടക്കം വീട്ടിൽ കൊണ്ടു പോയതായിരുന്നു രാജൻ.
അത് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വൻ ശബ്ദത്തോടെ കയ്യിലിരുന്നു പൊട്ടി. കൈപ്പത്തി ചിതറിപ്പോയി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രാജന്റെ കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു. രണ്ടു കൊല്ലത്തിനു ശേഷം സ്വന്തമായി പഠിച്ചെടുത്ത തൊഴിൽ ചെയ്യാൻ സാധിക്കുമോ എന്ന സംശയമായി രാജന്. കൈപ്പത്തി ഇല്ലെന്ന തോന്നൽ വരാതെ ഉറച്ച മനസ്സുമായി സ്പാനറുകളും മറ്റ് ഉപകരണങ്ങളും ഒറ്റ കൈ കൊണ്ടു അനായാസം പ്രവർത്തിപ്പിക്കാൻ പഠിച്ചു. ജോലിയിൽ ചെറു പ്രായത്തിലെ മിടുക്കനായ രാജനെ ഏറ്റുമാനൂരിലെ അറിയപ്പെടുന്ന സൈക്കിൾ കടയായ കെബി ശർമയുടെ ഉടമ ജോലിക്കു ക്ഷണിച്ചു.
പിന്നീട് 35 വർഷം സൈക്കിൾ കെബി ശർമ എന്ന കടയിൽ ജോലി ചെയ്ത് കുടുംബം പുലർത്തുകയും മക്കളായ അശ്വതി, രാജി, രാഹുൽ എന്നിവരെ പഠിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഏറ്റുമാനൂർ വില്ലേജ് ഓഫിസ് – ക്ഷേത്രം റോഡിൽ സൈക്കിളും ഇരുചക്ര വാഹനങ്ങളും റിപ്പയർ നടത്തുന്ന വർക്‌ഷോപ് നടത്തുകയാണ് രാജനും ഇളയ മകനായ രാഹുലും. പെൺമക്കളായ അശ്വതി, രാജി എന്നിവർ വിവാഹിതരായി. ശോഭയാണു രാജന്റെ ഭാര്യ.