ADVERTISEMENT

ഇന്ന് 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ വിജയദിവസം.  അന്ന് കമാൻഡോ സംഘങ്ങളിൽ ഒന്നിനെ നയിച്ച  തിരുവഞ്ചൂർ സ്വദേശി ഏബ്രഹാം ചാക്കോയെ ഓർക്കുമ്പോൾ...

കോട്ടയം∙ സെക്കൻഡ് ലഫ്റ്റനന്റ് ഏബ്രഹാം ചാക്കോ ബംഗ്ലദേശ് യുദ്ധത്തിൽ കമാൻഡോ ഓപ്പറേഷനു നിയോഗിക്കപ്പെടുമ്പോൾ വയസ്സ് 22. തിരുവഞ്ചൂർ  തുരുത്തേൽ ടിഎ. ചാക്കോയുടെയും സൂസന്റെയും മകനാണ് ഏബ്രഹാം. 1971 ഡിസംബറിൽ കിഴക്കൻ പാകിസ്ഥാനിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ഏബ്രഹാം ഉൾപ്പെടെയുള്ള ഓഫിസർമാരെ നേരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയായിരുന്നു.നേരിട്ടുള്ള ആക്രമണത്തിനു മുന്നോടിയായി കരസേനയുടെ  കമാൻഡോകളെ സംഘങ്ങളായി തിരിച്ച് അതിർത്തി കടത്തി പാക്കിസ്ഥാന്റെ ഉള്ളിലേക്കു വിട്ടു. സെക്കൻഡ് ലഫ്റ്റനന്റുമാർ നയിച്ച 2 സംഘങ്ങളുടെ പേര് ആൽഫ എന്നും ചാർലി എന്നുമായിരുന്നു. ആൽഫയുടെ തലവനായിരുന്നു ഏബ്രഹാം ചാക്കോ. സംഘം പാക്ക് സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തി കടന്ന് 80 കിലോമീറ്റർ ഉള്ളിലെത്തി. ചാക്രോ, വിരാമ നാഗർ, പാർക്കർ, ഇസ്‌ലാംകോട്ട് എന്നിവിടങ്ങളിൽ അപ്രതീക്ഷിത കമാൻഡോ ഓപ്പറേഷനിലൂടെ പാക്ക് പട്ടാള കമ്പനികളെ തകർത്ത് സംഘം നീങ്ങി.  

ഏബ്രഹാം ചാക്കോ നയിച്ച  സംഘം ഇസ്‌ലാംകോട്ട് എത്തിയപ്പോഴേക്കും നേരം വെളുത്തു. കമാൻഡോ സംഘത്തെ പാക്ക് സേന നേർക്കുനേർ കണ്ടു. പാക്ക് സൈന്യം കമാൻഡോകൾക്കു നേരെ  നിറയൊഴിക്കാൻ തുടങ്ങി. ഏബ്രഹാം ചാക്കോയും സംഘവും തങ്ങൾ സഞ്ചരിച്ച ജീപ്പ് പാക്ക് പട്ടാള യൂണിറ്റിനു നേരെ അതിവേഗത്തിൽ പായിച്ച് തുടർച്ചയായി തീ വർഷിച്ചു.  പാഞ്ഞുവരുന്നത് ടാങ്കുകളാണെന്നു തെറ്റിദ്ധരിച്ച പാക്ക് സൈന്യം പെട്ടെന്നു പിൻവാങ്ങി. ഞൊടിയിടയിൽ ഇന്ത്യൻ കമാൻഡോ സംഘം പാക്ക് താവളം പിടിച്ചെടുത്തു. അന്നു രാത്രി അവർ ചാക്രോ സൈനികത്താവളവും പിടിച്ചെടുത്തു. മൊത്തം 27 പാക്ക് സൈനികരെ വധിച്ചു. 32 പേരെ തടവുകാരാക്കി. കമാൻഡോകൾക്കു പിന്നാലെയെത്തിയ ഇന്ത്യൻ പട്ടാളം പ്രദേശത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത് ആധിപത്യം സ്ഥാപിച്ചു. വൈകാതെ പാക്ക് സൈന്യം കീഴടങ്ങി. 

കമാൻഡോ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ ഏബ്രഹാം ചാക്കോയെ അഭിനന്ദിച്ച ടീം കമാൻഡർ, പയ്യനെ നേരെ അന്നു സെക്കന്തരാബാദിലുണ്ടായിരുന്ന മാതാപിതാക്കളുടെ അടുത്തേക്കു പറഞ്ഞയച്ചു. ആ വർഷത്തെ ക്രിസ്മസ് ഒരിക്കലും മറക്കില്ലെന്ന് തിരുവഞ്ചൂരിലെ വീട്ടിലിരുന്ന് സഹോദരി രേഖ തോമസ് പറയുന്നു. ഏബ്രഹാം പിന്നീട് ശ്രീലങ്കയിലെ ഐപികെഎഫ് ഓപ്പറേഷനിലും പങ്കെടുത്തു.  ഉത്തരാഖണ്ഡിലെ ചക്രാത്ത ആസ്ഥാനമായ, ടിബറ്റൻ അഭയാർഥികൾ അടങ്ങിയ സ്പെഷൽ ഫ്രണ്ടിയർ വിഭാഗത്തെ നയിച്ചു. കുമ്പനാട് ചുണ്ടമണ്ണിൽ  ഗ്രേസാണ് ഭാര്യ. മക്കൾ: ഡാക്സ്, സൂസൻ. സൂസന്റെ ഭർത്താവ് ജേക്കബ് ഫ്രീമാൻ കരസേനയിൽ കേണലാണ്.ഏബ്രഹാം ചാക്കോ കഴിഞ്ഞ ജൂണിൽ ബെംഗളൂരുവിൽ അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com