എരുമേലി ചന്ദനക്കുടത്തിന് വരവേൽപ്; ദേശവഴികളിൽ കാത്തുനിന്നത് ആയിരങ്ങൾ
Mail This Article
എരുമേലി∙മതസൗഹാർദത്തിന്റെ മഹത്വം വിളിച്ചോതി നടന്ന ചന്ദനക്കുടം ആയിരങ്ങളുടെ ഹൃദയത്തിൽ ചന്ദനസുഗന്ധം വിതറി. ദേശവഴികളിൽ ആയിരങ്ങൾ കാത്തു നിന്നു ചന്ദക്കുടത്തെ വരവേറ്റു. എരുമേലി ടൗൺ നൈനാർ മസ്ജിദിനു കീഴിൽ ജമാ അത്ത് നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം നടന്നത്. യാത്രയ്ക്കു മുന്നോടിയായി ജമാ അത്ത് അങ്കണത്തിൽ നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു.
കലക്ടർ പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുൻ എംഎൽഎ കെ.ജെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഡി.ബൈജു എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. പേട്ടക്കവലയിൽ വിവിധ സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു.
മാപ്പിള ഗാനമേളകൾ, ചെണ്ട, ബാൻഡ് മേളങ്ങൾ, മയിലാട്ടം എന്നിവ ആഘോഷത്തിനു കൊഴുപ്പേകി. ചരള, കൊച്ചമ്പലം, വലിയമ്പലം, പൊലീസ് സ്റ്റേഷൻ, ദേവസ്വം, അയ്യപ്പ സേവാസംഘം എന്നിവിടങ്ങളിൽ ചന്ദനക്കുടത്തിനു സ്വീകരണം നൽകി. കോവിഡ് മാനദണ്ഡം പാലിച്ചാണു ചടങ്ങുകൾ നടന്നത്. ആഘോഷത്തിനു മുന്നോടിയായി അമ്പലപ്പുഴ സംഘവും ജമാ അത്ത് പ്രതിനിധികളുമായി നൈനാർ മസ്ജിദ് ഓഫിസിൽ സൗഹൃദ സംഭാഷണം നടന്നു.
യോഗത്തിൽ പ്രസിഡന്റ് പി.എ.ഇർഷാദ് അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് സെക്രട്ടറി സി.എ.എം.കരിം,വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽ കരിം, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജി.ബൈജു, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു.