അതിരുവിട്ട ബന്ധങ്ങൾ വേണമെന്ന് ഭർത്താവിന് നിർബന്ധം; പുറത്തുപറഞ്ഞാൽ മക്കളെ കൊല്ലുമെന്ന് ഭീഷണിയും
Mail This Article
കറുകച്ചാൽ ∙ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തിൽ പരാതി നൽകിയ യുവതിക്കു ഭീഷണിയുണ്ടെന്ന് സഹോദരൻ. ഭർത്താവിനൊത്തുള്ള ജീവിതത്തിൽ നേരിടേണ്ടി വന്ന ക്രൂരതകൾ സ്വന്തം കുടുംബത്തെ ഓർത്ത് തന്റെ സഹോദരി സഹിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. മറ്റുള്ളവരുമായി അതിരുവിട്ട ബന്ധങ്ങൾ വേണമെന്ന് ഭർത്താവിന്റെ ഭാഗത്തു നിന്നു നിർബന്ധം വന്നതോടെ രണ്ടു വർഷം മുൻപ് യുവതി സ്വന്തം വീട്ടിലേക്കു തിരിച്ചു പോന്നിരുന്നു. തമാശയായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് യുവതിയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞ ശേഷം ഭർത്താവ് അവരെ കൂട്ടിക്കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ പറയുന്നു.
പിന്നീട് ഇത്തരം ബന്ധങ്ങൾക്കു പ്രേരിപ്പിക്കുകയും അവ ഫോണിലും മറ്റും പകർത്തുകയും ചെയ്തുവെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും മക്കളെ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ പറയുന്നു. പങ്കാളികളെ കൈമാറ്റം ചെയ്യുന്നവർ പിടിക്കപ്പെടാതിരിക്കാൻ 2 വർഷം കൂടുമ്പോൾ തങ്ങളുടെ താമസസ്ഥലം മാറാറുണ്ടെന്ന് പൊലീസ് പറയുന്നു. ഈ കേസിലെ പ്രതിയും പത്തനാട്ടു നിന്ന് താമസം മാറാൻ ആലോചിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കട്ടെയെന്ന് വനിതാ കമ്മിഷൻ
സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ ഡിജിപിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന വനിതാ കമ്മിഷൻ നിർദേശം നൽകി. 'കപ്പിൾ സ്വാപ്പിങ്', 'വൈഫ് സ്വാപ്പിങ്’ സംഘങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരണം. ചൂഷണത്തെ അതിജീവിച്ച യുവതി ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ട്, പരാതി കൊടുത്തതു കൊണ്ടുമാത്രമാണ് ഈ വിഷയം പുറത്തുവന്നത്. ആ ധൈര്യത്തെ അഭിനന്ദിക്കുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി കൊച്ചിയിൽ പറഞ്ഞു.
അതേ സമയം പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവിനും (32) മറ്റ് 8 പേർക്കും എതിരെ നൽകിയ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 6 പേരാണ് അറസ്റ്റിലായത്. 3 പേർ കൂടി പിടിയിലാകാനുണ്ട്. ഇവരിൽ 2 പേർ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. മൂന്നാമത്തെ പ്രതിയായ കൊല്ലം സ്വദേശി വിദേശത്തേക്കു കടന്നെന്ന ബന്ധുക്കളുടെ മൊഴി ശരിയാണോയെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണത്തിലാണ്. ഈ പ്രതിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കും.
അറസ്റ്റിലായ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കോടതിയുടെ അനുമതിയോടെ അടുത്ത ദിവസം സൈബർ സെല്ലിനു കൈമാറും. ഇതു പരിശോധിക്കുന്നതു വഴി കൂടുതൽ തെളിവുകളും ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.അതേസമയം കൂടുതൽപേർ പരാതിയുമായി എത്താത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.