യുവജനങ്ങളുടെ വോട്ട് അതീവ പ്രധാനം: കലക്ടർ
Mail This Article
കോട്ടയം ∙ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള യുവജനങ്ങളുടെ വോട്ടിന് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ അതീവ പ്രാധാന്യമാണുള്ളതെന്നു കലക്ടർ ഡോ. പി.കെ.ജയശ്രീ. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചു ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു കലക്ടർ. സമ്മതിദായക പ്രതിജ്ഞയും കലക്ടർ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ ജിയോ ടി.മനോജ്, സ്വീപ് നോഡൽ ഓഫിസർ അശോക് അലക്സ് ലൂക്ക് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളുടെ പ്രഖ്യാപനവും നടത്തി.
പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പുതുപ്പള്ളി ഡോൺ ബോസ്‌കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എബിൻ മാത്യു ബൈജു ഒന്നാം സ്ഥാനവും വൈക്കം ഗവ. ബോയ്സ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ശ്രാവൺ മൃദുഘോഷ്, അലൻ ബാബു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഷോർട് ഫിലിം മത്സരത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജ് ഒന്നാം സ്ഥാനവും കോട്ടയം സിഎംഎസ് കോളജ് രണ്ടാം സ്ഥാനവും കോട്ടയം ഗവ. കോളജ് മൂന്നാം സ്ഥാനവും നേടി.