കൊവിഡ് മാറുമ്പോൾ കൊടൂരാറ്റിലെ കാറ്റിന്റെ സുഖമറിയാൻ വരൂ, കോടിമതയിലേക്ക്
Mail This Article
കോട്ടയം ∙ കോടിമതയിൽ ടൂറിസം വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു ലഭിക്കുമ്പോൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 91 ലക്ഷം രൂപ മുടക്കിയാണു പദ്ധതിയുടെ രണ്ടാംഘട്ടം വരെ പൂർത്തിയാക്കിയത്. കോടിമത ബോട്ട് ജെട്ടി മുതൽ പടിഞ്ഞാറേക്കര റോഡ് അവസാനിക്കുന്നിടം വരെയുള്ള ഒന്നരക്കിലോമീറ്ററാണു കൊടൂരാറ്റിലെ കാറ്റേറ്റ് വിശ്രമിക്കുന്നതിനുള്ള വിപുലമായ സൗകര്യം ഒരുക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോഴാണു പദ്ധതിക്കായി ഒരു കോടി 42 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണു നിർമാണച്ചുമതല.
ആദ്യഘട്ടത്തിൽ കോടിമതയിലെ ബോട്ട് ജെട്ടിക്കു സമീപം വിശ്രമത്തിനായി ഇരിപ്പിടങ്ങൾ ഒരുക്കി.
ഇവിടെ ഇനി സ്‌നാക്‌സ്-ഐസ്‌ക്രീം പാർലറുകളും ഉണ്ടാകും.കൊടൂരാറിന്റെ കരയിലൂടെയുള്ള നടപ്പാതയാണു പ്രധാന ആകർഷണം. ഒന്നരക്കിലോമീറ്ററിൽ ടൈൽ പാകി കാൽനടയ്‌ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. ഇതോടൊപ്പം പത്തോളം ചെറിയ കിയോസ്‌കുകളുടെയും പണി പൂർത്തിയായി. ഇടിഞ്ഞ് അപകടനിലയിലായിരുന്ന കൽക്കെട്ടുകൾ ബലപ്പെടുത്തി. വേളി ടൂറിസ്‌റ്റ് വില്ലേജ് മാതൃകയിൽ ചെറിയ പെഡൽ ബോട്ടുകളും കൊടൂരാറ്റിൽ ഒരുക്കാൻ ശ്രമിക്കുമെന്നു ഡിടിപിസി സെക്രട്ടറി റോബിൻ സി. കോശി പറഞ്ഞു. 6 പേർക്കു സഞ്ചരിക്കാവുന്ന സ്‌പീഡ് ബോട്ടിൽ കോട്ടയം-എറണാകുളം യാത്രയാണു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആലോചിക്കുന്ന മറ്റൊരു പദ്ധതി. 6 പേർക്കു സഞ്ചരിക്കാവുന്ന സ്‌പീഡ് ബോട്ട് 45 മിനിറ്റിനുള്ളിൽ എറണാകുളത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.