ടാങ്കുണ്ട്; പക്ഷേ, കുടിക്കാൻ വെള്ളമില്ലാതെ കിഴതിരി കോളനി
Mail This Article
രാമപുരം ∙ രണ്ടു പതിറ്റാണ്ടു മുൻപു ശുദ്ധജല സംഭരണി സ്ഥാപിച്ചെങ്കിലും കിഴതിരി കോളനിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായില്ല. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണു കിഴതിരി കോളനി നിവാസികൾ. പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ കിണർ കുഴിച്ചാലും ഇവിടെ വെള്ളം ലഭിക്കില്ല. കോളനി നിവാസികളുടെ ദുരിതം പരിഹരിക്കാൻ 20 വർഷം മുൻപു കോളനിയിൽ സംഭരണി സ്ഥാപിച്ചെങ്കിലും ഒരു തവണ മാത്രമാണു വെള്ളമെത്തിച്ചത്.
ശുദ്ധജലം എത്തിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിനു പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണു പരാതി. വേനൽക്കാലത്ത് ഏറെ ദൂരം താണ്ടിയാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്. കുറച്ചകലെ കുഴൽക്കിണർ ഉണ്ടെങ്കിലും ശുദ്ധജലമല്ല ഇതിൽ നിന്നു ലഭിക്കുന്നത്. മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം കുഴൽക്കിണറിൽ നിന്നു കൈ കൊണ്ടു പമ്പ് ചെയ്തെടുക്കും.
മഴക്കാലത്തു മരങ്ങളിൽ തുണിയും ഓലയും കെട്ടിയാണു വെള്ളം സംഭരിക്കുന്നത്. കോളനിയിലേക്കുള്ള റോഡുകൾ തകർന്നിരിക്കുകയാണ്. വീടുകളും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഊഴക്കമഠം ഭാഗത്തും ശുദ്ധജല ക്ഷാമം
കിടങ്ങൂർ ∙ ചെമ്പിളാവ് ഊഴക്കമഠം ഭാഗത്തു കാവാലിപ്പുഴ പദ്ധതിയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചിട്ടു മാസങ്ങളായി. വേനൽ തുടങ്ങിയതോടെ ഈ പ്രദേശത്തു രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. അധികൃതർക്കു പലതവണ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഊഴക്കമഠം ഭാഗത്തെ ശുദ്ധജലക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.