റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ.വാസവൻ പരേഡ് സ്വീകരിച്ചു
Mail This Article
കോട്ടയം ∙ രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം സന്ദേശം നൽകുകയായിരുന്നു മന്ത്രി. മന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് പരിശോധിച്ചു. കലക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
തോമസ് ചാഴികാടൻ എംപി., നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്ത്, നഗരസഭാംഗം റീബാ വർക്കി, സബ് കലക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു. വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സിവിൽ പൊലീസ്, വനിതാ പൊലീസ്, വനം വകുപ്പ്, എക്സൈസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകൾ മാത്രമാണ് പങ്കെടുത്തത്.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ. പ്രശോഭ്, തലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ വി. വിദ്യ, മുറിഞ്ഞപുഴ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജി. മഹേഷ്, എക്സൈസ് ഇൻസ്പെക്ടർ എൻ.വി.സന്തോഷ് കുമാർ എന്നിവരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാർ.