സ്കൂളുകളിൽ വീണ്ടും പൊതിച്ചോർ മണം; മാസ്ക് മാറ്റി കൂട്ടുകാർ പലരും മുഖാമുഖം കണ്ടത് ചോറുണ്ണാൻ ഇരുന്നപ്പോൾ
Mail This Article
കോട്ടയം ∙ ക്ലാസ് മുറികളിൽ വീണ്ടും പൊതിച്ചോർ മണം. മാസ്ക് മാറ്റി കൂട്ടുകാർ പലരും മുഖാമുഖം കണ്ടത് ഇന്നലെ ഉച്ചയ്ക്കു ചോറുണ്ണാൻ ഇരുന്നപ്പോൾ. കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നെങ്കിലും ഉച്ചവരെയായിരുന്നു ക്ലാസ്. ഇന്നലെ മുതലാണു മുഴുവൻസമയ പഠനം തുടങ്ങിയത്. വിദ്യാർഥികളോട് ഉച്ചഭക്ഷണം കൊണ്ടുവരാൻ അധികൃതർ നിർദേശിച്ചിരുന്നു. അകലം പാലിച്ചു ഭക്ഷണം കഴിക്കുന്നതിനു എല്ലാ സ്കൂളുകളിലും കൂടുതൽ മുറികൾ തുറന്നു നൽകി. അധ്യാപകർ തെർമൽ സ്കാനറുമായി പരിശോധിച്ചാണു കുട്ടികളെ ക്ലാസിൽ കയറ്റിയത്.
പനി, ചുമ , ജലദോഷം ലക്ഷണം ഉള്ളവർ രാവിലെത്തന്നെ ഔട്ട്. ഹയർസെക്കൻഡറി ക്ലാസുകളിൽ മികച്ച ഹാജർ നിലയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികൾ മിക്ക സ്കൂളുകളിലുമെത്തി. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പകുതി വീതം വിദ്യാർഥികൾക്കു മാത്രമായി ക്ലാസ് നടത്തുന്ന സ്കൂളുകളുണ്ട്. ആഴ്ചയിൽ 3 ദിവസം വീതം പ്ലസ് ടു, പ്ലസ് വൺ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നവരുമുണ്ട്. മിക്ക പ്രദേശങ്ങളിലും സ്കൂൾ ബസുകളും എത്തിത്തുടങ്ങി.
ഒരുക്കം പൂർണം
സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ലാസ്മുറികൾ ശുചീകരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ ബസുകൾ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കി.സ്കൂൾ തുറക്കുന്ന വിവരങ്ങളും കുട്ടികളെ സ്കൂളിലേക്കു വിടുന്നതിനാവശ്യമായ നിർദേശങ്ങളും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും നൽകി. അവരുടെ ആശങ്കകൾക്കു മറുപടിയും നൽകി വരുന്നുവെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസർ ജെ.തങ്കമണി പറഞ്ഞു.