തലയോലപ്പറമ്പിൽ പോയാൽ സുൽത്താന്റെ കഥകൾ കേട്ട് അഞ്ചുമണിക്കാറ്റു കൊള്ളാം
Mail This Article
തലയോലപ്പറമ്പ് ∙ വിശ്വ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ തുളുമ്പുന്ന തലയോലപ്പറമ്പ് പാലാംകടവ് കടത്തുകടവിൽ ഒരുക്കിയ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രം 19ന് വൈകിട്ട് 4ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ നാടിനു സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ് അറിയിച്ചു. വിശ്രമ കേന്ദ്രത്തിന്റെ അവസാന മിനുക്കു പണികളാണ് ഇപ്പോൾ നടക്കുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ 1800കളുടെ തുടക്കത്തിൽ സ്ഥാപിച്ച മൂന്നു ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് മാർക്കറ്റ്. ഇവിടേക്കു വാണിജ്യ സാധനങ്ങൾ എത്തിച്ചിരുന്ന വലിയ വള്ളം മൂവാറ്റുപുഴയാറിന്റെ ഈ തീരത്താണ് എത്തിച്ചിരുന്നത്.
ചരക്കുമായി എത്തുന്ന വള്ളക്കാർക്ക് ദിശ അറിയുന്നതിന് സ്ഥാപിച്ചിരുന്ന വിളക്കുമരം ഇന്നും പവിത്രമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ അടക്കം ഒട്ടുമിക്ക കഥയുടെ പശ്ചാത്തലം ഈ പ്രദേശമായിരുന്നു. അതിനാലാണ് പുഴയോര വിശ്രമകേന്ദ്രമായി വികസിപ്പിക്കുന്ന സംരംഭത്തിനു ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അധികൃതർ ‘സുൽത്താന്റെ തണലിലെ അഞ്ചുമണിക്കാറ്റ്’ എന്ന പേര് നൽകിയതും. പത്തു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർഥ്യമാക്കുന്നത്. പുഴയോരത്തെ മനോഹാരിത ആസ്വദിക്കാൻ എത്തുന്ന വിശ്രമ കേന്ദ്രത്തെ കൂടുതൽ മനോഹരമാക്കാൻ നാട്ടുകാർ ചാരുബഞ്ച് ഉൾപ്പെടെ എത്തിച്ചു നൽകിയിരുന്നു.