ജനറൽ ആശുപത്രിയിൽ 219.9 കോടി രൂപ ചെലവിലെ കെട്ടിടം; നിർമാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം, പദ്ധതി ഫയലിൽ ഉറക്കം...
Mail This Article
കോട്ടയം ∙ നിർമാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 219.9 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബഹുനില കെട്ടിട നിർമാണം ഒരു ചുവടുപോലും മുന്നോട്ടു നീങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ 2021 ഫെബ്രുവരി 18നാണ് നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.
ബന്ധപ്പെട്ട വകുപ്പുകൾ നിസ്സാര തടസ്സങ്ങൾ ഉന്നയിച്ചതാണ് പദ്ധതി ഫയലിൽ ഉറങ്ങാൻ കാരണം. സർക്കാർ ഉടമസ്ഥതയിൽ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമാണം ആണ് സർക്കാർ വകുപ്പുകൾ തന്നെ തടസ്സപ്പെടുത്തുന്നത്. ഇതിനൊപ്പം മറ്റു ജില്ലകളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം പാതി പിന്നിട്ടു. ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിന് (ഇൻകൽ) ആണ് നിർമാണച്ചുമതല.
കോവിഡ് ആശുപത്രി മാറ്റണം
ജില്ലാ ജനറൽ ആശുപത്രി സർക്കാർ രേഖകളിൽ ഇപ്പോഴും കോവിഡ് ആശുപത്രിയാണ്. കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്ന പഴയ വാർഡുകൾ വരെ പൊളിച്ചു നീക്കിയാൽ മാത്രമേ തറ നിരത്തി പുതിയ കെട്ടിടത്തിന്റെ അടിത്തറ ഒരുക്കാൻ കഴിയും. വാർഡ് - 7, വാർഡ് - 8, വാർഡ് - 10, വാർഡ് -10, വാർഡ് - 11, വാർഡ് - 12 ലോൺട്രി, കെഎംസിഎൽ എന്നീ കെട്ടിടങ്ങൾ ആണു പൊളിച്ചു നീക്കേണ്ടത്.
ജില്ലാ ജനറൽ ആശുപത്രിയിലെ കോവിഡ് വിഭാഗം മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റണം. ഇതിന് സർക്കാർ ഉത്തരവ് ഇറക്കണം. ഈ ആവശ്യം ഉന്നയിച്ച് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മാസങ്ങൾക്ക് മുൻപു തന്നെ ആരോഗ്യ വകുപ്പിന് നിവേദനം നൽകിയിട്ടും നടപടി വൈകുകയാണെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗം പി.കെ. ആനന്ദക്കുട്ടൻ പറഞ്ഞു.
മരം മുറി: വില തടസ്സം
ബഹുനില മന്ദിരം പണിയുന്ന സ്ഥലത്ത് 32 മരങ്ങൾ പൂർണമായും 5 മരങ്ങൾ ഭാഗികമായും മുറിച്ചു മാറ്റണം. ഇതിൽത്തന്നെ 3 ആഞ്ഞിലിയും മാവും പ്ലാവും ഒഴികെ ബാക്കി മരങ്ങളെല്ലാം പാഴ്ത്തടികൾ ആണ്. വനംവകുപ്പ് ഈ മരങ്ങൾക്ക് 4 ലക്ഷം രൂപയാണ് വില ഇട്ടിരിക്കുന്നത്. 3 തവണ ലേലം നടത്തിയിട്ടും ഈ വിലയ്ക്ക് മരങ്ങൾ ലേലം എടുക്കാൻ തയാറായില്ല. മരങ്ങൾക്ക് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്ന വില കൂടുതലാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
കെട്ടിടനിർമാണ അനുമതി നൽകാതെ നഗരസഭ
നഗരസഭയുടെ കെട്ടിടനിർമാണ അനുമതി ലഭിച്ച ശേഷം നഗരാസൂത്രണ വകുപ്പിന് പ്ലാൻ കൈമാറി അനുമതി വാങ്ങിയാൽ മാത്രമാണ് നിർമാണം ആരംഭിക്കാൻ കഴിയുക. കഴിഞ്ഞ നവംബർ 21ന് ആണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ അനുമതിക്കായി രേഖകൾ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിനു കൈമാറിയത്.
ജനുവരി 10ന് ആദ്യ കുറി എഴുതി വിഭാഗത്തിൽ നിന്ന് ഫയൽ മടക്കി. കെകെ റോഡിൽ നിന്നുള്ള റോഡിന്റെ വീതി, പാർക്കിങ് തുടങ്ങിയ 7 കാര്യങ്ങൾ വ്യക്തമാക്കണം എന്നായിരുന്നു ആവശ്യം. ജനുവരി 24ന് ഈ വിവരങ്ങൾ വ്യക്തമാക്കി ഫയൽ വീണ്ടും സമർപ്പിച്ചു. ഇതിനു ശേഷം ഒരു മാസം പിന്നിട്ടിട്ടും നടപടി ഇല്ലെന്നാണ് അധികൃതർ പറയുന്നത്.