ഡോക്ടർ ആണോ? എങ്കിൽ വീടില്ല; പിപിഇ കിറ്റിൽ ഉരുകിപ്പോയ കെട്ട കാലത്തിന്റെ ഓർമകളിൽ അവർ...
Mail This Article
ഇവർ ആരോഗ്യ പ്രവർത്തകർ. കോവിഡ് കാലത്തെ മുന്നണിപ്പോരാളികൾ. കോവിഡ് വ്യാപിച്ചപ്പോൾ ഇവരുടെ ജീവിതവും ആരോഗ്യവും പിന്നണിയിലായി. ഒമിക്രോണിനു പിന്നാലെ കോവിഡ് പിൻവാങ്ങുമ്പോൾ ഇവരും ദീർഘനിശ്വാസം വിടുന്നു. ഇനിയൊന്ന് ഉറങ്ങാമല്ലോ, മക്കളെ ഒന്നു കെട്ടിപ്പിടിക്കാമല്ലോ...
കോട്ടയം∙ രണ്ടു കൊല്ലം മുൻപ് കോവിഡ് വ്യാപിക്കുന്ന സമയം ഡ്യൂട്ടിക്കിറങ്ങിയ ഹംസ എം.ഹനീഫ് വീട്ടിൽ തിരിച്ചുപോയത് 7 മാസം കഴിഞ്ഞ്. അക്കാലത്ത് ഹംസ മക്കളെ കണ്ടത് വഴിയിൽ വച്ചും വിഡിയോ കോളിലൂടെയൂം. കോട്ടയം ജനറൽ ആശുപത്രിയിൽ 108 ആംബുലൻസ് ഡ്രൈവറാണ് തിരുവല്ല മാന്നാർ മൂലയിൽ ഹംസ എം.ഹനീഫ്. രണ്ടുവട്ടം കോവിഡ് പോസിറ്റീവായി. ഒരു വട്ടം ഓക്സിജൻ നില കുറഞ്ഞ് ഗുരുതരാവസ്ഥയിലുമായി. ഇതു ഹനീഫയുടെ മാത്രം വാക്കുകളല്ല, കോവിഡ് കാലത്ത് നമ്മെ പിടിച്ചുനിർത്തിയ ആരോഗ്യ പ്രവർത്തകരുടെ ജീവിതമാണ്.
ഡോക്ടറാണോ, വീടില്ല: ഡോ. ദീപ്തി മധു (ഇൻഫെക്‌ഷൻ കൺട്രോൾ വിഭാഗം മേധാവി, ഹോസ്പിറ്റൽ ചീഫ് ക്വാളിറ്റി ഓഫിസർകാരിത്താസ് ആശുപത്രി )
കോവിഡ് എത്ര അപകടകാരിയാണെന്നു പോലും അറിയാതെയാണ് ഞങ്ങൾ പോരാട്ടത്തിനിറങ്ങിയത്. ഡോക്ടർമാർക്ക് വീടു വാടകയ്ക്കു നൽകാൻ ആളുകൾ മടിച്ചു. വീടുകൾ ലഭിച്ചാലും അയൽക്കാരുടെ ഭയത്തോടെയുള്ള നോട്ടം. ഡോക്ടർമാരെ വീട്ടിൽനിന്നു മാതാപിതാക്കൾ പോലും ഇറക്കി വിട്ട സംഭവങ്ങളുണ്ട്. കോവിഡ് ചികിത്സയുള്ള ആശുപത്രികളിലേക്കു വരാൻ മറ്റു രോഗികൾ മടികാട്ടി. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നവരെ ജനം ഭയത്തോടെ കണ്ടു. കോവിഡ് വ്യാപനം കുറയുമ്പോൾ ആശ്വാസമുണ്ട്.
5 വട്ടം പോസിറ്റീവായി, പക്ഷേ തളർന്നില്ല: രമേശൻ പിള്ള (പൂവത്തുംമൂട്ടിൽ കുലശേഖരമംഗലം, വൈക്കം, കോവിഡ് മുന്നണി പോരാളി)
കെട്ട കാലത്തിന്റെ അവസാനമായെന്നു തോന്നുന്നു. 5 തവണ കോവിഡ് പോസിറ്റീവായി. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ സ്രവം പരിശോധനാ വിഭാഗത്തിലായിരുന്നു. എന്തെങ്കിലും അസ്വസ്ഥ തോന്നി പരിശോധിക്കുമ്പോൾ പോസിറ്റീവ് എന്നു കാണിക്കും. തുടർച്ചയായി ഉണ്ടായ രോഗം ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. മണിക്കൂറുകളോളം പിപിഇ കിറ്റ്, ഷീൽഡ് എന്നിവ ധരിച്ചു നിൽക്കുന്നത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും.
ചൂട്, മനസ്സിലും ശരീരത്തിലും: കെ.ആർ.രാജേഷ് (നഴ്സിങ് ഓഫിസർ, ചങ്ങനാശേരി ജനറൽ ആശുപത്രി)
കോവിഡ് പോസിറ്റീവായവരുമായി നേരിട്ട് ഇടപെട്ടവരാണ് നഴ്സുമാർ. ഞങ്ങളിലും പലരും കോവിഡ് ബാധിതരായി. പിപിഇ കിറ്റ് ധരിച്ചു ശീലിക്കുന്ന സമയത്ത് ചൂടും മറ്റ് അസ്വസ്ഥതകളും കൂടുതലായിരുന്നു. വനിതാ നഴ്സുമാരാണ് ഏറെ പ്രയാസം അനുഭവിച്ചത്. ചൂട് സഹിക്കാൻ വയ്യാതെ അസ്വസ്ഥത. ചിലർ തല കറങ്ങി വീണു. ഫോഗിങ് നടത്തുന്ന സമയത്ത് കണ്ണ് കാണാൻ പോലും വയ്യാതെ ബുദ്ധിമുട്ടി. 3 തരംഗത്തിലും പോസിറ്റീവായി.
ആദ്യം ആശുപത്രിയിൽ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞാണ് വീട്ടിൽ പോയത്. പിന്നെ രണ്ടുവട്ടവും വീട്ടുകാരും എനിക്കൊപ്പം പോസിറ്റീവായി. കോവിഡിനു ശേഷവും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ശ്വാസം എടുക്കാൻ പ്രയാസമുണ്ട്. എങ്കിലും സാധിക്കുന്ന സമയത്ത് ജോലിക്ക് എത്തും. അസ്വസ്ഥതകൾ പറഞ്ഞിരിക്കാൻ സമയമില്ല. നമ്മുടെ ജോലി ഇതാണല്ലോ.
ചില കാഴ്ചകൾ മനസ്സിലുണ്ട്: ജി.രാജൻ ( എസ്ആർ ഡയഗ്‌നോസ്റ്റിക്സ്)
കോവിഡ് ആദ്യ തരംഗത്തിൽ വീടുകളിൽ പോയി സ്രവപരിശോധന നടത്തിയിരുന്നു. ചില കാഴ്ചകൾ മനസ്സിലുണ്ട്. വേദനയോടെ മാത്രം ഓർക്കാവുന്നവ. ഒരു വീട്ടിൽ പരിശോധനയ്ക്ക് ചെല്ലുകയാണ്. അയൽക്കാരുടെ ആവശ്യം ഞെട്ടിച്ചു. പരിശോധനയ്ക്കു കയറുമ്പോൾ ജനൽ അടച്ചേക്കണേ എന്ന്. ഭയം കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. എന്നാൽ വീടുകളിൽ സാംപിൾ എടുത്തു മടങ്ങുമ്പോൾ ഈ വിഷമം എല്ലാം മാറും. എത്രയോ പേർ ഞങ്ങളെ അനുഗ്രഹിച്ച് അയച്ചു.