ബ്രസീലിലെ പോർട്ടോ അലെഗ്രയിൽ സാമ്പാറും മസാലക്കറിയും വിൽക്കുന്ന ചങ്ങനാശേരിക്കാരി: ജിൽ ജിൽ ജിലു!
Mail This Article
പോർട്ടോ അലെഗ്രയിൽ ഇന്ത്യൻ വിഭവം വിൽക്കുന്ന ചങ്ങനാശേരിക്കാരി
ചങ്ങനാശേരി ∙ ബ്രസീലിലെ പോർട്ടോ അലെഗ്രയിൽ ബ്രൗൺ കറിക്കും യെലോ കറിക്കുമൊക്കെവൻ ഡിമാൻഡ്! നമ്മുടെ സാമ്പാറാണു ബ്രൗൺ കറി. പൂരിക്കൊപ്പം വിളമ്പുന്ന മസാല യെലോ കറിയും. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെയൊരു മലയാളിയുടെ ചായക്കട കാണും എന്നു പറയുന്നതിനെ ശരിവയ്ക്കുകയാണു ചങ്ങനാശേരിക്കാരി ജിലു ഡെന്നിസണിന്റെ കട. ഇന്ത്യക്കാർ വളരെ കുറവുള്ള സ്ഥലത്ത്, ഇന്ത്യൻ റസ്റ്ററന്റ് വളർത്തി വലുതാക്കിയ കഥയാണു ജിലുവിന്റേത്.
മകന്റെ സ്കൂളിൽ ഫെസ്റ്റിനു വേണ്ടി കുറച്ചു വിഭവങ്ങൾ ഒരുക്കി. മറ്റു സ്റ്റാളുകളിൽ ഉള്ളതിനെക്കാൾ വേഗത്തിൽ അവ വിറ്റുതീർന്നു. അടുത്ത വർഷം കൂടുതൽ വിഭവങ്ങൾ ഒരുക്കി. പിന്നെ ആവശ്യക്കാർ പിന്നാലെ വരാൻ തുടങ്ങി. ഒരാളിൽ നിന്നു രണ്ടായി, മൂന്നായി ഇപ്പോൾ ജിൽ ജിൽ - ദ് ടേസ്‌റ്റ് ഓഫ് ഇന്ത്യ എന്ന റസ്റ്ററന്റായി വളർന്നിരിക്കുകയാണ്.2013ൽ തുടങ്ങിയ സംരംഭം ഇപ്പോഴാണു റസ്റ്ററന്റ് രൂപത്തിലേക്കു മാറിയത്. റസ്റ്ററന്റിൽ ഓരോ പെയിന്റിങ്ങിനും ഓരോ ഭക്ഷണത്തിനും ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട കഥയുണ്ടാകും. ജിലുവിന്റെ സംരംഭം തേടി ഇന്ത്യൻ സ്ഥാനപതി പോലും എത്തിയിട്ടുണ്ട്.
നമ്മുടെ കപ്പയും മീൻകറിയും കഴിക്കാം, ജിലുവിന്റെ റസ്റ്ററന്റിലെത്തിയാൽ. പക്ഷേ കറിയിലെ മത്സ്യം ബ്രസീലുകാരുടെ പ്രിയപ്പെട്ട സാൽമണാകും എന്നു മാത്രം. ഭർത്താവ് ഡെന്നിസൺ ജോണും 12–ാം ക്ലാസ് വിദ്യാർഥി മാർട്ടിൻ ഡെന്നിസണും ഒപ്പമുണ്ട്. മൂത്ത മകൾ ഐറിൻ ഡെന്നിസൺ ജർമനിയിൽ പിജി ചെയ്യുകയാണ്. ഡെന്നിസൺ ജോൺ ജർമൻ കമ്പനിയായ എസ്എപി(സാപ്)ന്റെ ലാറ്റിനമേരിക്കൻ മേധാവിയാണ്.