ADVERTISEMENT

കടുത്തുരുത്തി ∙ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ആയി ദീപ മോഹൻ ഇന്നു ചുമതലയേൽക്കുന്നു. സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണു കുറുപ്പന്തറ മേമ്മുറി പാലപ്പറമ്പിൽ ദീപ മോഹൻ (40) ഇന്നു താക്കോൽ ഏറ്റുവാങ്ങുന്നത്. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ് താക്കോൽ കൈമാറും. സാധാരണക്കാരിയായ വീട്ടമ്മയിൽ നിന്നാണ് അപൂർവമായ നേട്ടങ്ങൾ ദീപ ഓടിപ്പിടിച്ചത്. ഡ്രൈവിങ് സ്കൂൾ അധ്യാപികയായും ടിപ്പർ ലോറി ഡ്രൈവറായും ടാക്സി ഡ്രൈവറായുമൊക്കെ ജോലി ചെയ്തു. 

2008ലാണു ദീപ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് എടുത്തത്. ഭർത്താവിന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം ദീപ പിന്നീട് ഡ്രൈവിങ് ഉപജീവനമാർഗമാക്കി. ബൈക്കും ലോറിയും ബസും ദീപ ഓടിക്കും. ലോറികളിൽ പാറമടയിൽ നിന്നു കരിങ്കല്ലുമായി ഓട്ടം പോയും മണ്ണടിക്കുന്ന ടിപ്പറുകളിൽ ഡ്രൈവറായും ജോലി ചെയ്യുന്നതിനിടെയാണ് 108 ആംബുലൻസിൽ ഡ്രൈവറുടെ ഒഴിവുണ്ടെന്നു ദീപ അറിഞ്ഞത്. ഉടൻ അപേക്ഷ അയച്ചു. 

യാത്രകളോട് ഏറെ താൽപര്യമുള്ള ദീപ 2021 ജൂലൈയിൽ തന്റെ സ്വന്തം ഡോമിനർ ബൈക്ക് ഓടിച്ച് 7,283 കിലോമീറ്റർ പിന്നിട്ട് ലഡാക്കിൽ എത്തിയിരുന്നു. നാലുചക്രവാഹന ഡ്രൈവിങ് പഠിക്കുന്നതു ഭർത്താവ് മോഹന്റെ സഹായത്തിലാണ്. ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ പുരസ്കാരങ്ങൾ നേടി. റൈഡുകളിൽ കൂട്ടായി ഇരുപതുകാരനായ മകൻ ദീപക് മോഹനും ഒപ്പമുണ്ട്. ആതുരസേവനത്തോടു താൽപര്യമുണ്ട്. ഇനി ആംബുലൻസിൽ എത്തുന്ന രോഗികളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുകയാണു ലക്ഷ്യമെന്നു ദീപ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com