ADVERTISEMENT

കിടങ്ങൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് ദർശന പ്രധാനമായ വലിയ വിളക്ക്. ഉത്സവനാളിലെ അവസാന വിളക്കെഴുന്നള്ളിപ്പാണ് ഇന്നു നടത്തുന്നത്. നാളെ പള്ളിവേട്ട എഴുന്നള്ളിപ്പായതിനാൽ പ്രത്യേകം വിളക്കെഴുന്നള്ളിപ്പില്ല. ഉത്സവ നാളുകളിൽ ഭഗവാൻ ആദ്യമായി സ്വർണക്കുടയുടെ അകമ്പടിയോടെ വലിയ തിടമ്പിൽ എഴുന്നള്ളുന്നതും 8-ാം ഉത്സവനാളായ ഇന്നാണ്. വലിയവിളക്കിനും സ്വർണക്കുട ചൂടിയാണ് എഴുന്നള്ളത്ത്.

നിലവിളക്കുകളുടെയും കർപ്പൂര ദീപത്തിന്റെയും പ്രഭയിൽ എഴുന്നള്ളുന്ന ഭഗവാനെ ദർശിച്ച് വെള്ളിക്കുടത്തിൽ കാണിക്ക അർപ്പിക്കുന്നത് ഏറെ പ്രധാനം. തിരുമറയൂർ ഗിരിജൻ മാരാരുടെ പഞ്ചാരി മേളവും വൈക്കം ഷാജിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും കീഴൂർ അനിൽ കുറുപ്പും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഇന്ന്  അകമ്പടിയാകും.

ഭക്തിഭാവത്തിൽ മയിലാട്ടം

തൃക്കിടങ്ങൂരപ്പന്റെ കാഴ്ചശ്രീബലി എഴുന്നള്ളത്തിന് ഭക്തിയും മനോഹാരിതയും പകർന്നു മയിലാട്ടം. കാഴ്ചശ്രീബലി എഴുന്നള്ളിപ്പുള്ള 4 ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ മയിലാട്ടം. മയിലാട്ടം കലാകാരൻ കുമാരനല്ലൂർ മണിയാണ് മുൻപ് ക്ഷേത്രത്തിൽ കലാരൂപം അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ മകൻ കുമാരനല്ലൂർ ഹരികുമാറാണ് പിതാവിന്റെ പാത പിന്തുടർന്ന് ഭഗവാനു മുൻപിൽ ആടുന്നത്.മയിലാട്ടത്തിൽ 3 പതിറ്റാണ്ടിന്റെ പരിചയമുണ്ട് ഹരികുമാറിന്. 

ചണ്ഡിഗഡിലെ അയ്യപ്പ ക്ഷേത്രത്തിലും ശ്രീലങ്കയിലുമടക്കം മയിലാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിനുവേണ്ടി വിവിധ സംസ്ഥാനങ്ങളിലും പരിപാടി അവതരിപ്പിച്ചു.  പൂർണമായും അനുഷ്ഠാന കലാരൂപത്തിന്റെ ചിട്ടകളോടെയാണു ഹരികുമാർ മയിലാട്ടം അവതരിപ്പിക്കുന്നത്.ശൂരപത്മാസുരനെ വധിച്ചശേഷം  ശിവനെ കാണാൻ കൈലാസത്തിലേക്കു മയിലിന്റെ പുറത്തേറി വരുന്ന സുബ്രഹ്മണ്യനെയാണു മയിലാട്ടത്തിൽ അവതരിപ്പിക്കുന്നത്. ആടുന്ന മയിലിന്റെ പുറത്ത് വേലായുധ സ്വാമി ഇരിക്കുന്നതായാണു  വേഷവും രൂപവും.  

ക്ഷേത്രത്തിൽ ഇന്ന്

7.30നു നാരായണീയ പാരായണം, 8.30നു ശ്രീബലി, 10.30നു ഉത്സവബലി, 11നു ഓട്ടൻതുള്ളൽ, 4.30നു ചാക്യാർക്കൂത്ത്, 5.30നു കാഴ്ചശ്രീബലി, 8.30നു സംഗീത സദസ്സ്, 9നു വലിയ വിളക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com