ഇരട്ടിയായി തീപിടിത്തം, ജീവനക്കാർ കുറവ്; ഇത് ആരോഗ്യം പണയംവച്ചുള്ള തീക്കളി
Mail This Article
കോട്ടയം∙ താഴ്ചയറിയാത്ത മറിയപ്പള്ളി പാറക്കുളത്തിലെ ചേറിൽ മുങ്ങാംകുഴിയിട്ട് ലോറി ഡ്രൈവറുടെ മൃതശരീരം പരതുമ്പോൾ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ കെ.എൻ.സുരേഷ് ക്ഷീണമറിഞ്ഞിരുന്നില്ല. കുളത്തിലെ ഇരുളും മാലിന്യവും വകഞ്ഞുമാറ്റി ഒന്നു ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ടായിരുന്നു 18 മണിക്കൂർ നീണ്ട രക്ഷാദൗത്യം. സ്വന്തം ജീവൻ പണയംവച്ച് ഇങ്ങനെ എത്രയോ രക്ഷാപ്രവർത്തനങ്ങളാണ് ജില്ലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ പൂർത്തിയാക്കിയത്.
വേനൽ കനത്തതോടെ തീപിടിത്തവും ജലാശയങ്ങളിൽ വീണുള്ള അപകടങ്ങളും കൂടുന്നു. നാടെങ്ങും ഓടിയെത്തി ജോലി ചെയ്യുകയാണ് അവർ. 24 മണിക്കൂർ നീണ്ട ജോലിക്രമം, ജീവനക്കാരുടെ കുറവ്...ഇതിനെല്ലാം പുറമേ പൊള്ളുന്ന ചൂടും പ്രതികൂല കാലാവസ്ഥയും. ഇല്ലായ്മകളെ ഇല്ലാതാക്കി ഇവർ ഓടുന്നു, നാടിന്റെ രക്ഷയ്ക്കായി.
ആരോഗ്യം പണയംവച്ചുള്ള തീക്കളി
ചുട്ടുപഴുത്ത് ചുവന്ന നിറത്തിൽ കത്തിനിൽക്കുന്ന ഷട്ടറുകൾ. ഉള്ളിൽനിന്ന് തീയും പുകയും ചുറ്റും പരക്കുന്നു. ചെരിപ്പുകൾ കത്തിയെരിഞ്ഞു പുറത്തു വന്നത് വിഷവാതകം. അതു ശ്വസിച്ച സേനാംഗം എസ്.എൻ.സുരേഷ്കുമാർ തളർന്നു. ശ്വാസകോശത്തിനും പുക ബാധിച്ചു. ഒന്നരക്കൊല്ലം ചികിത്സ തേടി. ഇതുപോലെ ജീവനക്കാർക്കു ചൂടിലും വെയിലിലുംനിന്നു ജോലി ചെയ്യേണ്ടി വരുന്നത് മണിക്കൂറുകളാണ്.
വേനൽ കനത്തതോടെ തീപിടിത്തം ഇരട്ടിയായെന്ന് കോട്ടയം സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ പറഞ്ഞു. കോട്ടയത്ത് ഈ വർഷം ഇതുവരെ 164 തീപിടിത്തമുണ്ടായി. കഴിഞ്ഞ വർഷം മാർച്ച് വരെയുണ്ടായത് 77 അപകടങ്ങൾ മാത്രം. വേനലിൽ തീപിടിത്തമാണെങ്കിൽ മഴക്കാലത്ത് പ്രളയമാണ് വില്ലൻ. റോഡിൽ അപകടം കൂടിയാലും ഓടേണ്ടത് അഗ്നിരക്ഷാ സേന തന്നെ.
ജോലി അധികം, ജീവനക്കാർ കുറവ്
24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താലേ വിശ്രമിക്കാനാകൂ. ജീവനക്കാരില്ലാത്തതാണ് സേന നേരിടുന്ന വെല്ലുവിളി. തീയണയ്ക്കാൻ പോകുന്ന ചെറിയ ഒരു സംഘത്തിൽ 5 പേർ വരെയുണ്ടാകും. ജില്ലയിലാകെ 8 സ്റ്റേഷനുകളാണുള്ളത്. കൂടുതൽ സ്റ്റേഷനുകൾക്കുള്ള നിർദേശം ചുവപ്പുനാടയിൽ കുടുങ്ങി. കോട്ടയം മെഡിക്കൽ കോളജിൽ പോലും ഫയർ സ്റ്റേഷൻ ഇല്ല. കോട്ടയത്തുനിന്ന് ഓടിയെത്തണം. ഏറ്റുമാനൂരിൽ സ്റ്റേഷൻ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
"പുറത്തിറങ്ങിയാൽ ചുറ്റും ചുട്ടുപൊള്ളുന്ന ചൂട്. അതിനൊപ്പം ആളിക്കത്തുന്ന തീ അണയ്ക്കാൻ അരികെനിന്ന് പൊരുതണം. കത്തുന്ന തീയും കറുത്ത പുകയും മറികടന്നാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. പലപ്പോഴും കുടിവെള്ളം പോലും കിട്ടാതെ നാക്ക് വരണ്ടു പോകും. ചൂടുകാറ്റും പുകയുമേറ്റ് കണ്ണുകളാകെ നീറും. ചിലപ്പോൾ തലകറങ്ങി വീണു പോകും. തീ കെടുത്തുമ്പോൾ എതിരെ കാറ്റ് വന്നാൽ പിന്നെ നിൽക്കാനാവാത്ത അവ്സഥയാകും." - കെ.വി.ശിവദാസൻറിട്ട. സ്റ്റേഷൻ ഓഫിസർ
"ചൂട് കൂടുന്നതിനനുസരിച്ച് ഫയർകോളുകളിലും വൻ വർധനയാണുള്ളത്. റബർ എസ്റ്റേറ്റുകളിലും പാടങ്ങളിലുമെല്ലാം തീപിടിത്തമുണ്ടാകുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സേന നേരിടുന്ന പ്രതിസന്ധിയാണ്. ആവശ്യമായ ഉപകരണങ്ങളും അത്യാധുനിക സംവിധാനങ്ങളുമുണ്ടെങ്കിലും സ്റ്റേഷനുകളുടെയും ജീവനക്കാരുടെയും എണ്ണക്കുറവ് ജോലിഭാരം കൂട്ടുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും ഫയർ സ്റ്റേഷൻ ആവശ്യമാണ്." - കെ.ഹരികുമാർ കേരള ഫയർ ഫോഴ്സ് ഓഫിസേഴ്സ് അസോസിയേഷൻസംസ്ഥാന ജനറൽ സെക്രട്ടറി
കൂടുതൽ സ്ഥലങ്ങളിൽ യൂണിറ്റിന് ശുപാർശ
ജില്ലയിൽ ഏതാനും കേന്ദ്രങ്ങളിൽകൂടി അഗ്നിരക്ഷാ യൂണിറ്റ് ആരംഭിക്കുന്നതിനു ശുപാർശ. കൂട്ടിക്കൽ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് മുണ്ടക്കയത്ത് സ്റ്റേഷൻ ആരംഭിക്കുന്നത്. ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതും പതിവായി തീപിടിത്തമുണ്ടാകുന്ന പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടതും വനാതിർത്തി കൂടുതൽ ഉള്ളതുമായ എരുമേലി, മെഡിക്കൽ കോളജിനു സമീപം എന്ന നിലയിൽ ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് അഗ്നിരക്ഷാ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അഗ്നിരക്ഷാ വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളതെന്ന് അഗ്നിരക്ഷാ സേന റീജനൽ ഓഫിസർ അരുൺകുമാർ അറിയിച്ചു.
ജില്ലയിൽ ഏറ്റവും അധികം പേർ ഒരുമിച്ച് കഴിയുന്നതും എത്തുന്നതുമായ സ്ഥലമാണ് മെഡിക്കൽ കോളജ് ആശുപത്രി. വർഷത്തിൽ ശരാശരി 5 തീപിടിത്തമെങ്കിലും ഉണ്ടാകാറുണ്ട്. പക്ഷേ, മെഡിക്കൽ കോളജിൽ അഗ്നിരക്ഷാ സേനാ യൂണിറ്റില്ല. 10 കിലോമീറ്റർ അകലെ കോട്ടയത്തുനിന്നാണ് യൂണിറ്റ് എത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്ക് കൂടി പ്രയോജനം ലഭിക്കുന്ന വിധം ഏറ്റുമാനൂരിൽ ഒരു യൂണിറ്റ് ആരംഭിക്കാനാണ് പുതിയ ശുപാർശ.
ജനം അറിയാൻ...
∙ കരിയില കൂട്ടിയിട്ട് കത്തിക്കുമ്പോൾ ശ്രദ്ധിക്കുക. കരിയില കത്തിക്കുമ്പോൾ ചെറിയ കൂനകളാക്കി തിരിച്ചുവേണം കത്തിക്കാൻ. ഉച്ചസമയങ്ങളിൽ കത്തിക്കാതെ പകലോ വൈകുന്നേരമോ കത്തിക്കുക. തീ പടരാതിരിക്കാൻ ഒരു ബക്കറ്റ് വെള്ളം അരികിൽ കരുതുക.
∙ കരിയില കത്തിക്കുമ്പോൾ ചുറ്റുമുള്ള ഭാഗം വെട്ടിത്തളിച്ച് ഫയർ ബ്രേക്കർ സംവിധാനം ഏർപ്പെടുത്തുക. അല്ലാത്ത പക്ഷം ഉണങ്ങിയ പ്രദേശത്തേക്ക് തീ എളുപ്പം പടർന്നു പിടിച്ചേക്കാം.
∙ സിഗരറ്റ് കുറ്റികളും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്.
∙ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടാകാതിരിക്കാൻ വയറിങ് പരിശോധിക്കുക.
∙ വൈദ്യുതക്കമ്പിയിലേക്കു ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുക.
∙ വെള്ളത്തിൽ വീണ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക. ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു ശേഷം പുഴയിലും മറ്റും കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കാം.