ഉപകരണത്തിന്റെ പേര്– കടുവമൂളി, ഭയപ്പെടുത്തുന്ന ശബ്ദം; കാടിറങ്ങിയ ആനക്കൂട്ടങ്ങളും പന്നികളും ജീവനും കൊണ്ടു പറപറക്കും
Mail This Article
കടുവയുടെ ഗർജനം, പെരുന്തേനീച്ചക്കൂട്ടത്തിന്റെ പ്രകമ്പനം നിറഞ്ഞ മൂളൽ. കാടിറങ്ങിയ ആനക്കൂട്ടങ്ങളും പന്നികളും ജീവനും കൊണ്ടു പറപറക്കുന്നു. ഗർജനവും മൂളലുമൊക്കെ പേടിക്കേണ്ടതില്ലെന്ന കാര്യം നാട്ടുകാർക്കു മാത്രം അറിയാം.കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമായതോടെ എരുമേലി വനം റേഞ്ചിനു കീഴിലാണു പുത്തൻ പരീക്ഷണം നടക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്നു ലഭിച്ച ആംപ്ലിഫയറും മൈക്കും അടങ്ങുന്ന യൂണിറ്റാണ് ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കുന്നത്. രാത്രിയും പകലും കാട്ടുമൃഗങ്ങൾ ഇറങ്ങിയെന്ന വിവരം കിട്ടിയാലുടൻ വനപാലകർ മൈക്ക് യൂണിറ്റുമായി സ്ഥലത്തെത്തും. മൈക്കിൽ നിന്നു കടുവയുടെയും പെരുന്തേനീച്ചക്കൂട്ടത്തിന്റെയും കൃത്രിമശബ്ദം പുറപ്പെടും. ഉപകരണത്തിന്റെ പേര്– കടുവമൂളി.
ആനകൾക്കു പെരുന്തേനീച്ചകളെ പേടിയാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കടുവയുടെ ശബ്ദം പന്നികൾക്കും പേടിയാണ്. യൂണിറ്റ് ആദ്യമായി പ്രവർത്തിപ്പിച്ച സമയത്തു നാട്ടുകാരും ഭയന്നിരുന്നു.ആനകളെയും പന്നിയെയും തുരത്താൻ വനാതിർത്തികളിൽ വനം വകുപ്പ് സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. വേലികൾ കാടു കയറിയതും ബാറ്ററികൾ പ്രവർത്തനരഹിതമാകുന്നതുമാണു പ്രശ്നം. ഈ സാഹചര്യത്തിലാണു കാട്ടുമൃഗങ്ങളെ തുരത്താൻ വന്യജീവികളുടെ ശബ്ദം തന്നെ പ്രയോഗിക്കുന്നത്.