പ്രകൃതി കനിഞ്ഞു; കോടിമത ബോട്ടുജെട്ടിയിൽ കൂടിക്കിടന്നിരുന്ന പോളകളെല്ലാം ഒഴുകിമാറി
Mail This Article
കോട്ടയം∙ പ്രകൃതി കനിഞ്ഞു, കോടിമത ബോട്ടുജെട്ടിയിൽ കൂടിക്കിടന്നിരുന്ന പോളകളെല്ലാം ഒഴുകിമാറി. മാസങ്ങളായി ഇവിടെ കൂടിക്കിടന്നിരുന്ന പോളകൾ മഴയെത്തിയതോടെ തനിയെ ഒഴുകി മാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ പോളമൂലം യാത്രാബോട്ടുകൾ പതിവിലും താമസിച്ചാണ് എത്തിയിരുന്നത്. സ്ഥിരമായി ബോട്ടുകൾ ഉപയോഗിച്ചിരുന്നവരിൽ കുറെ പേർ മറ്റു യാത്രാ ഉപാധികൾ സ്വീകരിക്കുകയും ചെയ്തു.
പോള മാറിയതിനാൽ ഇനി പഴയതുപോലെ ബോട്ടുകൾ കൃത്യസമയത്ത് തന്നെ എത്തുമെന്നാണു പ്രതീക്ഷ. സമീപത്തുള്ള കോടിമത നോർത്ത് വാർഡുകാരും കാരാപ്പുഴ, പതിനാറിൽചിറ നിവാസികളും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ ജലാശയത്തെയാണ്. ഇവിടെ പോള കിടക്കുന്നതുകാരണം അവർക്കു വെള്ളം ശേഖരിക്കാൻ സാധിക്കാത്തതിനാൽ ജലക്ഷാമം രൂക്ഷമായിരുന്നു. വള്ളത്തിൽ യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയുമായിരുന്നു. സാധാരണ വേനൽ മഴ എത്തുന്നതോടെ ഇവിടെ കൂടിക്കിടക്കുന്ന പോള ഒഴുകിമാറുകയാണു പതിവ്.
മഴ എത്തിയതോടെ കുറെ പോള ഒഴുകിമാറിയിട്ടുണ്ട്. ഇടയ്ക്ക് ബോട്ടിൽ യാത്ര ചെയ്യുമായിരുന്നു. ബോട്ട് വൈകി എത്തുന്നതിനാൽ യാത്രയ്ക്കു ഇപ്പോൾ മറ്റു ഉപാധികൾ സ്വീകരിച്ചു.
മുഹമ്മദ് ഫാസിൽ യാത്രക്കാരൻ, കാഞ്ഞിരം സ്വദേശി
പോള ശല്യം രൂക്ഷമായിരുന്നതു കൊണ്ട് അരമണിക്കൂറോളം വൈകിയാണ് ബോട്ട് എത്തിയിരുന്നത്. പോള മാറിയതിനാൽ ഇപ്പോൾ സമയത്ത് എത്തുന്നുണ്ട്.
സ്റ്റേഷൻ മാസ്റ്റർ കോടിമത ബോട്ടുജെട്ടി