ഫുട്ബോൾ ആരാധകർക്കിടയിൽ വ്യത്യസ്തൻ; ഈ ഓട്ടോ നിറയെ ഫുട്ബോൾ ലഹരി
Mail This Article
പാമ്പാടി ∙ ഫുട്ബോൾ ആരാധകർക്കിടയിൽ വ്യത്യസ്‌തനാണ് ഏഴാം മൈൽ ജംക്‌ഷനിലെ ഓട്ടോഡ്രൈവർ വെള്ളൂർ എബൻ ഏസറിൽ സാം ( 58). ഫുട്ബോൾ മത്സരങ്ങൾ ലോകത്ത് എവിടെ നടന്നാലും സാമിന്റെ ഓട്ടോറിക്ഷയിൽ നിറയെ അതിന്റെ ആവേശ മുദ്രാവാക്യങ്ങൾ കാണാം. അടുത്തിടെ സന്തോഷ് ട്രോഫി കേരളം നേടിയതിനു മുൻപു തന്നെ സാം ഓട്ടോറിക്ഷയുടെ പടുത നിറയെ ചോക്കു കൊണ്ടു കേരള ടീമിനു ആശംസ വാചകങ്ങൾ എഴുതി . വർഷങ്ങളായി ഫുട്ബോൾ ഹരമാണെന്ന് സാം പറയുന്നു.
ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തണമെന്നായിരുന്നു സാമിന്റെ ആഗ്രഹം. ടീം ഫൈനലിൽ എത്തിയാൽ സഹ ഡ്രൈവർമാർക്കെല്ലാം മധുരം വാഗ്‌ദാനം ചെയ്‌തു. ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ തോറ്റെങ്കിലും ഫൈനലിൽ കയറിയതിന്റെ സന്തോഷത്തിൽ എല്ലാവർക്കും മധുരം വാങ്ങി നൽകി. ബ്ലാസ്റ്റേഴ്‌സിനും കേരള സന്തോഷ് ട്രോഫി ടീമിനും വേണ്ടി സ്വന്തം ചെലവിൽ സ്റ്റിക്കർ അടിച്ചും ഓട്ടോറിക്ഷയിൽ സാം പതിപ്പിച്ചിരുന്നു. ഫിഫ കപ്പിനായി കാത്തിരിക്കുകയാണെന്നും സാം പറയുന്നു. വീണ്ടും ഓട്ടോറിക്ഷയിൽ നിറയും സാമിന്റെ ഫുട്ബോൾ ലഹരിയുടെ വാചകങ്ങൾ. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകൻ കൂടിയാണ് സാം.