കോവിഡിന്റെ ഇടവേള കഴിഞ്ഞു സ്കൂൾ വിപണി സജീവം
Mail This Article
കാഞ്ഞിരപ്പള്ളി∙ കോവിഡ് മൂലം രണ്ടു വർഷം മുടങ്ങിക്കിടന്ന സ്കൂൾ വിപണി ഇടവേളയ്ക്കുശേഷം സജീവമായി. കോവിഡിനും പ്രളയത്തിനും ശേഷമുള്ള അധ്യയന വർഷം ആരംഭിക്കാനിരിക്കെ തുടർച്ചയായി പെയ്യുന്ന മഴ പ്രതിസന്ധിയിലാക്കിയെങ്കിലും എങ്ങനെയും കുട്ടികളെ സ്കൂളിൽ അയയ്ക്കാനുള്ള തയാറെടുപ്പിലാണ് മലയോര മേഖലയിലെ ചെറുകിട കർഷകരും, കർഷക തൊഴിലാളികളും ഉൾപ്പെടുന്ന സാധാരണ കുടുംബങ്ങൾ.
പഴയ ബാഗ്, കുട, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയവ ഉപയോഗയോഗ്യമല്ലാതായെന്നും പുതിയവ തന്നെ വാങ്ങണമെന്നും രക്ഷിതാക്കൾ പറയുന്നു. ഇടവേളയ്ക്കു ശേഷമുള്ള വിപണിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണു വ്യാപാരികളും. കുട്ടികളെ ആകർഷിക്കാൻ വിവിധ രൂപത്തിലുമുള്ള ബാഗുകൾ, വിവിധ വർണത്തിലുള്ള കുടകൾ, വിവിധ തരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ,ബോക്സുകൾ, ടിഫിൻ ബോക്സുകൾ ,മഴക്കോട്ടുകൾ എന്നിവയും, നോട്ടുബുക്കുകൾ, ബ്രൗൺ പേപ്പറുകൾ, ലേബലുകൾ, പെൻസിൽ തുടങ്ങിയ സാധനങ്ങളും സ്റ്റേഷനറി കടകളിൽ നിറഞ്ഞു.
യൂണിഫോമിനായി തുണിക്കടകളിലും തിരക്കേറി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തയ്യൽ കടകളിൽ രാപകൽ വ്യത്യാസമില്ലാതെ ജോലിയാണ്. കുടകൾക്കും ബാഗിനും ബുക്കുകൾക്കും വിലവർധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിവിധ സഹകരണ സ്ഥാപനങ്ങളും സ്കൂൾ വിപണികൾ ആരംഭിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡറേഷനുമായി ചേർന്ന് ബാങ്കിന്റെ ജനതാ സ്റ്റോറിൽ സ്കൂൾ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന സ്റ്റുഡന്റ്സ് മാർക്കറ്റ് 10 ദിവസം മുൻപ് ആരംഭിച്ചു. പൊൻകുന്നം മാർക്കറ്റിങ് സൊസൈറ്റിയും കേരള സർക്കാർ കൺസ്യൂമർ ഫെഡുമായി ചേർന്ന് സ്കൂൾ വിപണി ആരംഭിച്ചു. ത്രിവേണി നോട്ടുബുക്കുകൾ , സ്കൂൾ ബാഗുകൾ, കുടകൾ, മറ്റ് സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ എന്നിവ വിപണി വിലയിലും കുറഞ്ഞ വിലയ്ക്ക് സംഘത്തിന്റെ ടൗണിലുള്ള സ്റ്റോറിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.