12 ശ്ലീഹന്മാരുടെ ഇടവകയുടെ വെഞ്ചരിപ്പ് 2ന്
Mail This Article
ചെമ്മലമറ്റം ∙ 12 ശ്ലീഹന്മാരുടെ നാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയത്തിന്റെ വെഞ്ചരിപ്പ് ജൂൺ 2നു 2.30 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ എന്നിവർ സഹകാർമികരാകും. തുടർന്ന് കുർബാന, 5നു സ്നേഹവിരുന്ന്.1922 ഫെബ്രുവരി 6 നു സ്ഥാപിതമായ 12 ശ്ലീഹന്മാരുടെ ഇടവകയിൽ 900 കുടുംബങ്ങളുണ്ട്. 13000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള പുതിയ ദേവാലയത്തിനു 2020 ജനുവരി 26 നു ശിലാസ്ഥാപനം നടത്തി. ജൂൺ 2 നു നിർമാണം ആരംഭിച്ചു.ബറോക് വാസ്തുവിദ്യ ശൈലിയാണ് പള്ളിയുടെ അൾത്താരയിലും ഹൈക്കലയിലും അനുബന്ധ സീലിങ്ങിലും ആവിഷ്‌കരിച്ചിരിക്കുന്നത്.
പള്ളിയുടെ അൾത്താരയിൽ വാനമേഘങ്ങളിൽ കെരൂബുകളുടെയും മാലാഖമാരുടെയും അകമ്പടിയോടെ പിതാവിനെയും ഉത്ഥിതനായ ഈശോയെയും പരിശുദ്ധാത്മാവിനെയും ചിത്രീകരിച്ചിരിക്കുന്നു.ഉയിർത്തെഴുന്നേറ്റ ഈശോയെ കാണാതെ ദുഃഖത്തിൽ പ്രാർഥനയോടെ നിലകൊള്ളുന്ന 12 ശ്ലീഹന്മാരെ ബലിപീഠത്തിനു മുകളിലും ചിത്രീകരിച്ചിട്ടുണ്ട്. പള്ളിയുടെ മുകൾ നിലയിൽ ഗ്ലാസിൽ 64 വിശുദ്ധരുടെ രൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. 20 അടി ഉയരവും 15 അടി വീതിയുമുള്ള പന്തക്കുസ്തായുടെ രൂപവും ചിത്രീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിൽ നിന്ന് ഇറക്കുമതി ചെയ്ത 900 കിലോ ഭാരമുള്ള കൂറ്റൻ മണിയും ഇവിടെയുണ്ട്.
12 ശ്ലീഹന്മാരെ അനുസ്മരിച്ച് 12 ലക്ഷം രൂപ പഠനം, വിവാഹം, ഭവന നിർമാണം എന്നിവയ്ക്കു സഹായമായി നൽകുന്ന പദ്ധതിക്ക് എകെസിസി നേതൃത്വം നൽകും. 50 ലക്ഷം രൂപ ഉപയോഗിച്ച് 10 വീടുകൾ നിർമിക്കുന്ന പദ്ധതിക്ക് വിൻസെന്റ് ഡി പോൾ സൊസൈറ്റി നേതൃത്വം നൽകുമെന്ന് വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്, പോൾ തോമസ് കരോട്ടെമ്പ്രേൽ, ബെന്നി കിണറ്റുകര, സിബി കണിയാംപടി എന്നിവർ പറഞ്ഞു.ജൂൺ 3, 4, 5, 6 തീയതികളിൽ 12 ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിക്കും. ജൂൺ 3 നു രാവിലെ 6 നു കുർബാന, തുടർന്ന് കൊടിയേറ്റ്. രാവിലെ 7.30 മുതൽ ആരാധന. വൈകിട്ട് 5 നു കുർബാന, ലദീഞ്ഞ്, തുടർന്ന് ജപമാല പ്രദക്ഷിണം.
4നു രാവിലെ 6 നു കുർബാന, നൊവേന, വൈകിട്ട് 4 നു രൂപതയിലെ നവ വൈദികരുടെ നേതൃത്വത്തിൽ കുർബാന, 5.45 നു പ്രദക്ഷിണം. തുടർന്ന് ഗാനമേള.5 നു രാവിലെ 6 നു കുർബാന. തുടർന്ന് കുട്ടികളെ എഴുത്തിനിരുത്തൽ-ഫാ. സഖറിയാസ് ആട്ടപ്പാട്ട് നേതൃത്വം നൽകും. രാവിലെ 10 നു ഇടവകക്കാരായ വൈദികരുടെ നേതൃത്വത്തിൽ തിരുനാൾ കുർബാന. 12 നു പ്രദക്ഷിണം. തുടർന്ന് അപ്പവും മീനും നേർച്ചസദ്യ. 6 നു മരിച്ചവരുടെ ഓർമ ദിനത്തിൽ രാവിലെ 6.30 നും 7.30 നും കുർബാന, സെമിത്തേരി സന്ദർശനം.