ബാലറ്റിൽ മൂന്നു വരിയിൽ പേര്, പ്രചാരണം ഇല്ലാതെ 384 വോട്ടുകൾ; ജോറായില്ലെങ്കിലും ജോമോൻ ഹാപ്പി
Mail This Article
ചങ്ങനാശേരി ∙ ഒരു പ്രചാരണവും ഇല്ലാതെ മത്സരിച്ചിട്ടും 384 വോട്ടുകൾ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫ് സ്രാമ്പിക്കൽ. എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന്റെ അപരൻ എന്ന രീതിയിലാണ് തുടക്കത്തിൽ ജോമോൻ ജോസഫിന്റെ സ്ഥാനാർഥിത്വത്തെ ചിലർ പ്രചരിപ്പിച്ചത്. ഇതു ചർച്ചയായിരുന്നു. എന്നാൽ തന്നെക്കുറിച്ച് അറിയാത്തവരാണ് ഈ പ്രചാരണം നടത്തിയതെന്ന് ജോമോൻ പറയുന്നു.
നേരത്തേ പാലാ, കോന്നി, ചങ്ങനാശേരി മണ്ഡലങ്ങളിലും ജോമോൻ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക നൽകി. നഗരസഭ തിരഞ്ഞെടുപ്പിലും മത്സരിച്ചു. ഇത്രയും അനുഭവപരിചയം ഉള്ള തന്നെ അപരനെന്നു പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് ജോമോന്റെ നിലപാട്. അപരനെന്ന രീതിയിൽ മാത്രമല്ല പേരിന്റെ വലുപ്പക്കൂടുതൽ മൂലം ബാലറ്റ് പേപ്പറിലും ജോമോൻ ജോസഫ് ചർച്ചയായി.
‘ജോമോൻ ജോസഫ് സ്രാമ്പിക്കൽ ആലീസ് പള്ളിമുട്ടേൽ ജോസഫ് ജുമൻ വർക്കി സ്രാമ്പിക്കൽ’ എന്നാണ് മുഴുവൻ പേര്. ഇത് ബാലറ്റിൽ എങ്ങനെ രേഖപ്പെടുത്തും എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ കൺഫ്യൂഷൻ. ഒടുവിൽ ‘ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്.’ എന്ന് ബാലറ്റിൽ അച്ചടിച്ചു. എന്നിട്ടും മൂന്നു വരിയിലായാണ് ബാലറ്റിൽ പേര് ഉൾക്കൊള്ളിച്ചത്. മറ്റു സ്ഥാനാർഥികളുടെയെല്ലാം പേര് ഒറ്റവരിയായി ബാലറ്റിൽ ഉൾക്കൊള്ളിക്കാനായി.