ആശ്വാസം, അന്നത്തിന് ‘വഴി’ തുറന്നു; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വാങ്ങാനാകും
Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് കാൻസർ വാർഡിനു പിന്നിലെ നടവഴി ഗേറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വാങ്ങുന്നതിനു വേണ്ടി അധികൃതർ തുറന്നു നൽകി. കാൻസർ വിഭാഗത്തിനു പിന്നിലെ ഗേറ്റ് അടച്ചുപൂട്ടിയതോടെ, ആശുപത്രിക്കു പുറത്തുള്ള സന്നദ്ധ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും അടച്ച ഗേറ്റിനു മുകളിലൂടെ ഭക്ഷണം വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് പടം സഹിതം മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട്, ഭക്ഷണം വാങ്ങുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കടന്നുപോകുന്നതിനായി ഗേറ്റ് തുറന്നു നൽകുകയായിരുന്നു. രാവിലെ 11 മുതൽ 2 വരെയാണ് ഗേറ്റ് തുറന്നിടുന്നത്. സാമൂഹികവിരുദ്ധർ ആശുപത്രി വളപ്പിൽ കയറുന്നത് തടയുന്നതിനാണ് ഗേറ്റ് അടച്ചുപൂട്ടിയത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. കാൻസർ വാർഡിന്റെ പിന്നിൽ ബാബു ചാഴികാടൻ റോഡിനു സമീപം 2 സന്നദ്ധ സംഘടനകളാണ് സൗജന്യമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നത്.