ജൂബിലിപ്രഭയിൽ വടവാതൂർ സെമിനാരി
Mail This Article
60–ാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്ന്
കോട്ടയം ∙ സിറോ മലബാർ സഭയിലെ വൈദിക പരിശീലന കേന്ദ്രമായ വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി വജ്ര ജൂബിലി നിറവിൽ. 1962 ജൂലൈ 3ന് ഉദ്ഘാടനം ചെയ്ത സെമിനാരിയുടെ 60–ാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്നു രാവിലെ 11നു സെമിനാരി ഹാളിൽ നടക്കും. സെമിനാരി ക്യാംപസിൽ 1982ൽ സ്ഥാപിച്ച പൗരസ്ത്യ ദൈവശാസ്ത്ര വിഷയങ്ങളുടെ പഠനകേന്ദ്രമായ ‘പൗരസ്ത്യ വിദ്യാപീഠത്തിന്റെ’ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കും.
സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സീറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
സെമിനാരി ചരിത്രം
സിറോ മലബാർ ചരിത്രം, ദൈവശാസ്ത്രം, പൗരസ്ത്യ സുറിയാനി ആരാധാക്രമം, ദൈവശാസ്ത്ര വിജ്ഞാന ശാഖകൾ എന്നിവയിൽ അധിഷ്ഠിതമായി വൈജ്ഞാനിക ശിക്ഷണവും പരിശീലനവും നടപ്പാക്കുന്നതിന് പരിശീലന കേന്ദ്രം വേണമെന്ന ചിന്തയിൽ നിന്നാണ് വടവാതൂരിൽ സെമിനാരി പിറവി എടുക്കുന്നത്. മംഗലപ്പുഴ സെമിനാരി പ്രോക്യുററേറ്ററായിരുന്ന ഫാ. വിക്ടറാണ് സ്ഥലം കണ്ടെത്തിയത്. ചങ്ങനാശേരി മെത്രാൻ മാർ മാത്യു കാവുകാട്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
എറണാകുളം ആർച്ച് ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ സെമിനാരി വെഞ്ചരിപ്പ് നിർവഹിച്ചു.വൈദിക വിദ്യാർഥിയിൽ നിന്ന് വൈദികനിലേക്കുള്ള യാത്രഘട്ടത്തിലെ സമഗ്ര വളർച്ച ലഭ്യമാക്കിയുള്ള പഠന, പരിശീലന രീതിയാണ് സെമിനാരിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. സിറോ മലബാർ സിനഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സെമിനാരിയുടെ പ്രവർത്തനം.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് (ചെയർമാൻ), ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. സിറോ മലബാർ, സിറോ മലങ്കര സഭകളിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 24 റസിഡന്റ് പ്രഫസർമാരും 81 വിസിറ്റിങ് പ്രഫസർമാരും സെമിനാരിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 2072 വൈദികർ ഇതിനോടകം സെമിനാരിയിൽ നിന്നു പഠനം പൂർത്തിയാക്കി.
പൗരസ്ത്യ വിദ്യാപീഠം
സെമിനാരിയിലെ വിദ്യാഭ്യാസ പരിശീലനം നൽകിയിരുന്ന വകുപ്പ് കാലക്രമേണ പുരോഗമിച്ചാണ് പൗരസ്ത്യ വിദ്യാപീഠം അഥവാ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് രൂപപ്പെട്ടത്. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നിവ പൗരസ്ത്യ വിദ്യാപീഠം നൽകുന്നുണ്ട്.
ഇതര സഭകളിൽ നിന്നുള്ളവരും ഇവിടെ പരിശീലനം നേടുന്നുണ്ട്. സെമിനാരിയിലെ വൈദിക വിദ്യാർഥികളുടെ ഡിഗ്രി പഠനത്തിനു പുറമേ 230 പേർ ബിരുദാനന്തര ബിരുദവും 32 പേർ പിഎച്ച്ഡിയും പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്നു സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ രൂപതകൾക്കു പുറമേ യുഎസ്എ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിലും ഡിപ്ലോമ കോഴ്സുകളിൽ ആളുകൾ പഠിക്കുന്നുണ്ട്.
മഹാലൈബ്രറി
3 നിലകളിലായി സ്ഥിതിചെയ്യുന്ന അതിവിപുലമായ ലൈബ്രറി വടവാതൂർ സെമിനാരിയുടെ പ്രത്യേകതയാണ്. വൈദിക വിദ്യാർഥികൾ ജയിലുകൾ സന്ദർശിച്ച് തടവുകാരെ ആശ്വസിപ്പിക്കുന്ന രീതിക്ക് തുടക്കമിട്ടതും സെമിനാരിയിലെ വിദ്യാർഥികളാണ്. കോളജുകളിലെ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന യൂത്ത് ഫ്രണ്ട്സ് സെമിനാരിക്കൂട്ടായ്മ ഇവിടെയുണ്ട്.
സെമിനാരിയുടെ പരിസരപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് അർഹരായ ആളുകൾക്ക് സഹായം എത്തിക്കുന്നതടക്കം ഒട്ടേറെ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്. 30 ഏക്കറിലുള്ള ക്യാംപസിൽ വിശാലമായ പൂന്തോട്ടം, പച്ചക്കറി കൃഷി, മത്സ്യക്കൃഷി, കന്നുകാലി വളർത്തൽ എന്നിവയും ഉണ്ട്.
പ്രഗല്ഭരുടെ നീണ്ട നിര
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അപ്പോസ്തലിക് നുൺഷ്യോ മാർ ജോർജ് കോച്ചേരി, മാർ മാത്യു അറയ്ക്കൽ, മാർ റാഫേൽ തട്ടിൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ ഉൾപ്പെടെ 26 ബിഷപ്പുമാർ വടവാതൂർ സെമിനാരിയിലെ പൂർവ വിദ്യാർഥികളാണ്.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭ മുൻ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് തുടങ്ങി 6 ബിഷപ്പുമാർ ഇവിടെ അധ്യാപകരായിരുന്നു. സെമിനാരിയുടെ ആദ്യ സ്റ്റാഫ് അംഗങ്ങളായ 4 പേരിൽ ഉൾപ്പെട്ട പാലാ രൂപത ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ആണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകൻ.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഊന്നിയ ദൈവശാസ്ത്ര പഠനവും ഗവേഷണവുമാണ് ഇവിടെ നടത്തുന്നത്. ജനതകൾക്ക് പ്രകാശമാവുകയെന്ന ആപ്തവാക്യം യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്.
ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,പ്രസിഡന്റ്, പൗരസ്ത്യ വിദ്യാപീഠം.
സെമിനാരിയുടെ വജ്ര ജൂബിലി അഭിമാനവും സന്തോഷവും നിറഞ്ഞ മുഹൂർത്തമാണ്. സഭയ്ക്കും സമൂഹത്തിനും ഉതകുന്ന നല്ല അജപാലകരെ സൃഷ്ടിക്കാൻ സെമിനാരിക്ക് കഴിഞ്ഞു. പഠിച്ചിറങ്ങിയ വൈദികരിലൂടെ സഭയ്ക്ക് ശരിയായ ദിശാബോധം നൽകാൻ സാധിച്ചു.
ഫാ. ഡോ. സ്കറിയ കന്യാക്കോണിൽ,റെക്ടർ, സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി, വടവാതൂർ.