പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ നാളെ മുതൽ വീണ്ടും കിടത്തിച്ചികിത്സ
Mail This Article
പാമ്പാടി ∙ ഗവ. താലൂക്ക് ആശുപത്രിയിലെ ഐപി വാർഡിന്റെ നവീകരണം പൂർത്തിയായി. നാളെ മുതൽ വീണ്ടും കിടത്തിച്ചികിത്സ ഉണ്ടാകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, സ്ഥിരസമിതി അധ്യക്ഷൻ സി.എം.മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.മനോജ് എന്നിവർ പറഞ്ഞു. 100 കിടക്കകളുടെ സൗകര്യമുണ്ട്. കോവിഡ് സെക്കൻഡ്‌ലൈൻ ചികിത്സ കേന്ദ്രമായി ഒരു വർഷം പ്രവർത്തിച്ചതിനാൽ ഐപി വാർഡിന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിരുന്നു. തുടർന്നു കിടത്തിച്ചികിത്സ തൽക്കാലം നിർത്തിവച്ചു.
ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതിനെത്തുടർന്ന് ഐപി വാർഡിന്റെ നവീകരണം പൂർത്തിയാക്കി. എല്ലാ ശുചിമുറിയിലെയും ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചു. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളും പ്രായമായവർക്കു പിടിച്ച് എഴുന്നേൽക്കാൻ കൈവരി സംവിധാനവും ശുചിമുറിയിൽ ക്രമീകരിച്ചിട്ടുണ്ട്. വാർഡുകൾ പെയിന്റ് ചെയ്തു.
നാളെ രാവിലെ 10.30 മുതൽ രോഗികൾക്കു വാർഡ് വിട്ടുനൽകും. പനിബാധിതർ കൂടുന്ന സാഹചര്യത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതു സാധാരണക്കാർക്കു സൗകര്യമാകും. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ വാർഡുകളിലെ സംവിധാനങ്ങളെല്ലാം വീണ്ടും മികച്ച രീതിയിൽ ക്രമീകരിച്ചു.
40 പുതിയ ബെഡുകൾ, വിരികൾ, തലയണകൾ എന്നിവ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ സാധനങ്ങളും ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുണ്ട്. ഇത്തവണ 10 ലക്ഷം രൂപ കൂടി ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. പ്രസവവാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിക്കാനും നടപടികളാകുന്നു.
ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി
രോഗികളുടെ ദീർഘകാല ആവശ്യമായിരുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഗവ. താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. സർക്കാർ അനുവദിച്ച 1.39 കോടി രൂപയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും ചേർത്താണു ഡയാലിസിസ് കേന്ദ്രം പൂർത്തിയാകുക. വൈദ്യുതീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 12 പേർക്ക് ഒരേ സമയം ഡയാലിസിസ് നടത്താവുന്ന സംവിധാനമാണു നിലവിൽ വരിക.
പ്രദേശത്തു മറ്റു ഡയാലിസിസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾ കോട്ടയത്തെ ആശുപത്രികളെയും മെഡിക്കൽ കോളജ് ആശുപത്രിയെയും സമീപിക്കുന്ന സാഹചര്യമാണുള്ളത്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കേന്ദ്രം തുടങ്ങുന്നതോടെ മേഖലയിലെ വിവിധ പ്രദേശങ്ങളിലുള്ള ഡയാലിസിസ് രോഗികൾക്ക് ഏറെ ആശ്വാസമാകും.