ഹട്ടുമില്ല, ബോട്ടുമില്ല കയാക്കിങ് ഒട്ട് നടക്കുന്നുമില്ല
Mail This Article
കോട്ടയം ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള നഗരത്തിലെ വിനോദ സഞ്ചാര പദ്ധതികൾ മിക്കതും അവതാളത്തിൽ. താഴത്തങ്ങാടി ആലുംമൂട് ജംക്‌ഷനിലെ ഹട്ടുകൾ കാടു കയറുമ്പോൾ വിനോദസഞ്ചാരികൾക്കായി സർവീസ് ബോട്ട് ഉപയോഗിക്കാതെ നശിക്കുകയാണ്. പഴയ ബോട്ടു ജെട്ടി നവീകരിച്ച് കയാക്കിങ് ഉൾപ്പെടെ കായിക വിനോദങ്ങൾ ആരംഭിക്കാനുള്ള നീക്കവും എങ്ങും എത്തിയില്ല. കൊല്ലാട് കളത്തിക്കടവ് കേന്ദ്രീകരിച്ച് കൊടൂരാറ്റിൽ വള്ളംകളി ഉൾപ്പെടെ കായിക വിനോദങ്ങൾ സംഘടിപ്പിച്ചിരുന്നതും ഡിടിപിസിയുടെ നേതൃത്വത്തിലായിരുന്നു. വർഷങ്ങളായി ഇതും നിലച്ചിരിക്കുകയാണ്.
2 വർഷമായി തകർന്ന് ആലുംമൂട് ഹട്ടുകൾ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ മീനച്ചിലാറിന്റെ തീരത്ത് നാലു ഹട്ടുകൾ ആണു സ്ഥാപിച്ചത്. കോവിഡിനു മുൻപ് ഇതു ഗ്രാമീണ ഹോട്ടൽ നടത്തിപ്പിനു കരാർ നൽകിയിരുന്നു. എന്നാൽ കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി കാരണം ഇതിന്റെ പ്രവർത്തനം നിലച്ചു. ഇപ്പോൾ പുല്ലു വളർന്നു വൃത്തിഹീനമായി കിടക്കുകയാണ്. രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയകളുടെയും താവളമാണ് ഇത്.
കയാക്കിങ് സൗകര്യംഉപയോഗശൂന്യം
പഴയ ബോട്ട് ജെട്ടിയിൽ കയാക്കിങ് കായിക വിനോദത്തിന് അവസരം ഒരുക്കുന്നതിനു വേണ്ടി ആവശ്യമായ ചെറിയ വള്ളങ്ങളും എത്തിച്ചിരുന്നു. വർഷങ്ങളായി ഇത് ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്.
ബോട്ട് നശിക്കുന്നു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ബോട്ട് വർഷങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കോടിമത ബോട്ട് ജെട്ടിയിൽ അടുപ്പിച്ചത്. അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ബോട്ട് നാശത്തിന്റെ വക്കിലാണ്. 2 യാത്രാ ബോട്ടുകളാണ് ഡിടിപിസിക്ക് ഉള്ളത്. രണ്ടാമത്തെ ബോട്ട് സർവീസിന് നടത്താൻ സജ്ജമാണ്. ശിക്കാര വള്ളങ്ങൾ സർവീസ് നടത്തിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഇത് നിലച്ചു.
ബോട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനും ആലുംമൂട് ജംക്‌ഷനിലെ ഹട്ടുകൾ നവീകരിക്കുന്നതിനും പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഉടൻ ഇവ രണ്ടും പ്രവർത്തന ക്ഷമം ആക്കും.
റോബിൻ സി.കോശി സെക്രട്ടറി, ഡിടിപിസി, കോട്ടയം.