ADVERTISEMENT

കോട്ടയം ∙ എംസി റോഡിനും ശാസ്ത്രി റോഡിനും ഇടയിലുള്ള ബേക്കർ ഹിൽ റോഡിലൂടെ ഉച്ചനേരത്തു കടന്നുപോകുന്നവർ പെട്ടെന്ന് അവിടൊരു ഓട്ടോ സ്റ്റാൻഡ് കണ്ട് അന്തം വിട്ടേക്കാം. ഓട്ടോക്കാരോടു ചോദിച്ചാൽ സംഗതി പിടികിട്ടും. ഇത് ഓട്ടോ സ്റ്റാൻഡല്ല, ഇതവരുടെ ഫുഡ് സ്റ്റാൻഡാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഊണ് ഓട്ടോയിൽ കരുതുന്ന ഓട്ടോറിക്ഷാത്തൊഴിലാളികൾ അതു കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഇടമാണിത്.

ഒാട്ടോയിൽ ചോറുണ്ണുന്ന കെ.എം.തോമസ്കുട്ടിയോടു വിശേഷങ്ങൾ പങ്കുവച്ച് എം.എസ്.ഹരിദാസ്.

ടൗൺ പെർ‌മിറ്റുള്ള ഓട്ടോ തൊഴിലാളികളിൽ നല്ലൊരു ശതമാനവും വർഷങ്ങളായി ഉച്ചയൂണ് കഴിക്കാനായി എത്തുന്നത് ഈ വഴിയരികിലും മുകളിലേക്കു മാറിയുള്ള പോക്കറ്റ് റോഡിലുമാണ്. മണി ഒന്നടിച്ചാൽ ഒന്നിനു പിറകേ ഒന്നായി പല സ്റ്റാൻഡിലുമുള്ള ഓട്ടോകൾ ഇവിടെയെത്തും. ഭക്ഷണം പാത്രത്തിലോ ഇലപ്പൊതിയിലോ കൊണ്ടുവരുന്നവരാണ് കൂടുതലും. അതുകൊണ്ടു തന്നെ മാലിന്യം തള്ളുമെന്ന പേടിയും ഇല്ല.

1. വി.സി.ശശി., 2. ടി.എസ്.മണി

സ്റ്റാൻഡുകളിൽ പലപ്പോഴും തിരക്കും ബഹളവുമായതിനാലാണ് കൂടുതൽ പേരും ബേക്കർ ഹിൽ റോഡ് തിരഞ്ഞെടുക്കുന്നത്. വിശ്രമം ആവശ്യമുള്ളവർ കുറച്ചുനേരം ഇരുന്ന ശേഷമാണു മടങ്ങുന്നത്. വർഷങ്ങളായി ഇതുതുടങ്ങിയിട്ടെന്നും ഓട്ടോക്കാർ ഇതുവരെ ആർക്കും ശല്യമായിട്ടില്ലെന്നു സമീപവാസികളും പറയുന്നു. ഓടിക്കിട്ടുന്ന തുക കൊണ്ട് ഇപ്പോൾ ജീവിക്കാൻ പ്രയാസം. അതിനോടൊപ്പം ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കൂടി കഴിച്ചാൽ വീട്ടിൽ കൊണ്ടുപോകാൻ ബാക്കിയൊന്നുമുണ്ടാകില്ല. ഇതാണ് വീട്ടിൽ നിന്ന് ഊണ് കൊണ്ടുവരാൻ ഭൂരിഭാഗം പേരെയും നിർബന്ധിതരാക്കുന്നത്.

ചെറിയ വിലയ്ക്കു നിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകൾ നഗരത്തിൽ ഇല്ലാത്തതും 80 രൂപയിൽ കുറഞ്ഞ തുകയ്ക്ക് നല്ലൊരു ഊണ് കിട്ടില്ല എന്നതുമാണ് പ്രധാന പ്രശ്നം.മധ്യവയസ്കരും പ്രമേഹ രോഗികളുമാണ് ഇവിടെയെത്തുന്ന കൂടുതൽ പേരും. വീട്ടിൽ നിന്നുള്ള ഭക്ഷണമായതിനാൽ ധൈര്യമായി കഴിക്കാമല്ലോ– 30 വർഷമായി നാഗമ്പടം സ്റ്റാൻഡിൽ ഓടുന്ന എം.എസ്.ഹരിദാസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com