ADVERTISEMENT

ചങ്ങനാശേരി ∙ പുതിയ എക്സൈസ് കോംപ്ലക്സിനായി പണം അനുവദിച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാൻ വൈകുന്നു. 3 നിലകളിലായി 17,065 സ്ക്വയർ ഫീറ്റ് കെട്ടിടം നിർമിക്കാൻ 3.05 കോടി രൂപയാണ് അനുവദിച്ചത്.    പൊതുമരാമത്തു വകുപ്പിനാണ് നിർമാണച്ചുമതല. ജോലികൾ വൈകുന്നതിനെക്കുറിച്ചു തിരക്കിയാൽ ഇരുകൂട്ടർക്കും പറയാനുള്ളത് ഒരുത്തരം. ‘വാടകക്കെട്ടിടം കിട്ടിയില്ല’.പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപം 54 സെന്റ് സ്ഥലം എക്സൈസിനുണ്ട്. ഇവിടെയുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ ശേഷം പുതിയ കോംപ്ലക്സ് നിർമിക്കാനാണ് തീരുമാനം.

താൽക്കാലിക പ്രവർത്തനത്തിന് വാടകക്കെട്ടിടം കണ്ടെത്തി അവിടേക്ക് മാറാം എന്നതായിരുന്നു എക്സൈസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.  പ്രവർത്തനം വാടകക്കെട്ടിടത്തിലേക്കു മാറ്റിയാൽ പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികൾക്ക് താമസ്സസമില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. മാസങ്ങൾ പലതു കഴിഞ്ഞിട്ടും വാടകക്കെട്ടിടം ഇനിയും ശരിയായില്ല. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യമെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എക്സൈസ് റേഞ്ച് ഓഫിസറുടെ കാര്യാലയവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

മതിയായ സൗകര്യങ്ങളുള്ള വാടകക്കെട്ടിടം കണ്ടെത്താൻ പ്രയാസമില്ലെങ്കിലും സർക്കാർ നിശ്ചയിച്ചിട്ടുള്ള വാടക അറിയിക്കുന്നതോടെ ഉടമ ‘നോ’ പറയും. റവന്യു ടവറിൽ പോലും സ്ഥലം അന്വേഷിച്ചെങ്കിലും വാടക കൂടുതലായതിനാൽ അവിടെയു‌‌ം രക്ഷയുണ്ടായില്ല.അടുത്തിടെ എക്സൈസ് ഉദ്യോഗസ്ഥർ വീണ്ടുമൊരു വാടകക്കെട്ടിടം കണ്ടെത്തി. ഉടമയുമായി സംസാരിച്ച് വാടകക്കാര്യത്തിലും ഏകദേശ ധാരണ ആയി. വാടകക്കരാറുമായി ബന്ധപ്പെട്ട ചില രേഖകൾ ശരിയാക്കി പിഡബ്ല്യുഡിക്ക് നൽകുകയാണ് ഇനിയുള്ള കടമ്പ. 

കുറച്ചു കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഇത്തവണ കാര്യങ്ങൾ  അനുകൂലമാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എക്സൈസ് റേഞ്ച് ഓഫിസ്, എക്സൈസ് സർക്കിൾ ഓഫിസ്, കോൺഫറൻസ് ഹാൾ, എക്സൈസ് ഇൻസ്പെക്ടർ, അസി.എക്സൈസ് ഇൻസ്പെക്ടർ, സിഐ എന്നിവരുടെ മുറികൾ, കംപ്യൂട്ടർ, റെക്കോഡ്സ് മുറികൾ, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിന് മുറി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് പുതിയ എക്സൈസ് കോംപ്ലക്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com