ADVERTISEMENT

ഭരണങ്ങാനം∙ ഭാരത ലിസ്യു അൽഫോൻസാമ്മയുടെ മഠത്തിലേക്ക് ജപമാലയുമേന്തി ആയിരങ്ങൾ എത്തി. വിശ്വപ്രസിദ്ധ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്ത് ഇന്നലെ വൈകിട്ട് നടത്തിയ ജപമാല റാലിയിൽ അനേകായിരങ്ങളാണ് ‍പങ്കെടുത്തത്. ജീവിതത്തിലെ സഹനങ്ങളിലും കടുത്ത പരീക്ഷണങ്ങളിലും ആത്മനാഥനോടുള്ള സ്‌നേഹബന്ധത്തിലും തന്നെ ഉറപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയായ പരിശുദ്ധ അമ്മയാണെന്നു പറഞ്ഞ അൽഫോൻസാമ്മയുടെ ജപമാല പ്രാർഥനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ മഴ വകവയ്ക്കാതെ ഭക്തജനങ്ങൾ ഓടിയെത്തി. 

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ ചങ്ങനാശേരി അതിരൂപത ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രാർഥിക്കുന്നു.

അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽനിന്ന് ആരംഭിച്ച് ഇടവക ദേവാലയം ചുറ്റിതിരിച്ചെത്തുന്ന ‍ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ ഓരോ വർഷവും പതിനായിരങ്ങളാണ് എത്തുന്നത്. അൽഫോൻസാമ്മ ജീവിച്ചു മരിച്ച ഭരണങ്ങാനം ക്ലാര മഠത്തിലേക്കു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആണ്ടിലൊരിക്കൽ തന്റെ സഹോദരികളെ സന്ദർശിക്കാൻ അൽഫോൻസാമ്മ മഠത്തിലെത്തുന്ന സന്തോഷത്തിലാണ് ഭരണങ്ങാനം മഠത്തിലെ സന്യാസിനികൾ. മനോഹരമായി അലങ്കരിച്ചൊരുക്കിയ വീഥിയിലൂടെയാണ് അമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം. 

ജ്വലിച്ചുയരുന്ന മെഴുകുതിരിയുടെ വെളിച്ചത്തിൽ ഉള്ളിലെ വേദനയും ദു:ഖങ്ങളും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരിനോടു ചേർത്ത് സമർപ്പിക്കുമ്പോൾ ഓരോ ജപമണികളും പൂർത്തിയാകുന്നതിനൊപ്പം വേദനയും സങ്കടങ്ങളും അലിഞ്ഞില്ലാതാകുമെന്നാണ് വിശ്വാസം. 

വിശ്വാസപൂർവം ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ അനേകർ സാക്ഷ്യപ്പെടുത്തുന്നത് പ്രാർഥനയുടെ ചുവടുകൾക്ക് വീ‍ണ്ടും ശക്തി പകരു‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com