പിതൃപുണ്യം തേടി ബലിതർപ്പണം - ചിത്രങ്ങൾ
Mail This Article
ഏറ്റുമാനൂർ ∙ മൺമറഞ്ഞ പിതാക്കളുടെ സ്മരണ പുതുക്കി ഇലക്കീറിൽ അരിയും പൂവുമിട്ടു തർപ്പണമൊരുക്കിയ പുതുതലമുറ പാപമുക്തി നേടി പൂർവപിതാക്കളുടെ അനുഗ്രഹവുമായി മടങ്ങി. പുലർച്ചെ മൂന്നുമണി മുതൽ തന്നെ പലയിടത്തും കർക്കടകവാവ് കർമങ്ങൾ ആരംഭിച്ചു. പലയിടത്തും ഉച്ചകഴിഞ്ഞാണ് കർമങ്ങൾ അവസാനിച്ചത്. പുണ്യതീർഥങ്ങളിലും പവിത്ര സ്നാനഘട്ടങ്ങളോടു ചേർന്ന ക്ഷേത്രവളപ്പുകളിലുമാണു ബലിതർപ്പണം നടന്നത്. വേദഗിരി ധർമ ശാസ്താക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടു.
എസ്എൻഡിപി ശാഖകളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. ബലിതർപ്പണത്തിനു പുറമേ കൂട്ടനമസ്കാരം, ഒറ്റനമസ്കാരം, പിതൃപൂജ, തിലഹവനം തുടങ്ങിയ വഴിപാടുകളും നടത്തി. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിതൃതർപ്പണം ചെയ്യാൻ എത്തിയതു വേദഗിരിയിലാണ്. മലയടിവാരത്തെ തീർഥക്കുളത്തിൽ മുങ്ങിക്കുളിച്ചു തീർഥച്ചിറയിൽ പിതൃതർപ്പണവും മലമുകളിൽ വ്യാസപൂജയും നടത്തിയാൽ മോക്ഷം ലഭിക്കുമെന്നുള്ള നൂറ്റാണ്ടുകൾ പിന്നിടുന്ന വിശ്വാസത്തിനു ശക്തി പകർന്നു വിശ്വാസികളുടെ വൻനിരയാണു വേദഗിരിയിലെത്തിയത്.
വേദഗിരി മഠം സ്വാമി ആനന്ദ തീർഥപാദർ, മനേജിങ് ട്രസ്റ്റി ഇ.കെ.സനൽകുമാർ, എൻ. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി. പുന്നത്തുറ കക്കയം കിരാതമൂർത്തി ക്ഷേത്രത്തിൽ നടന്ന പിതൃതർപ്പണത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മീനച്ചിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ മണൽപുറത്തു പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇന്നലെ പുലർച്ചെ അഞ്ചിനു പിതൃതർപ്പണ കർമങ്ങൾ ആരംഭിച്ചു. അരൂർ ഞായല്ലൂർ ഇല്ലം മഹേഷ് ശർമ, വേളൂർ കമലാസനൻ ശാന്തി എന്നീ ആചാര്യന്മാരുടെ കാർമികത്വം വഹിച്ചു.
മേൽശാന്തി ചെമ്പകശ്ശേരി മഠം ഹരിനാരായണൻ നമ്പൂതിരിയുടെയും ക്രോധമംഗലത്തു ഇല്ലത്ത് ശങ്കർ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നമസ്കാര ഊട്ടും തിലഹവനവും നടത്തി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ സതീശൻ കെ. നമ്പൂതിരി, കെ.ആർ.സതീഷ് കുമാർ, സി.എം. മനോജ്, ഹരീഷ് ബാബു, വാസുകുട്ടൻ നായർ, രവീന്ദ്രൻ നായർ, വേണുഗോപാൽ, വി.ബി. മധു, കെ.പി.വേണു എന്നിവർ നേതൃത്വം നൽകി.
ആർപ്പൂക്കര ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ കടവിൽ നടന്ന പിതൃതർപ്പണത്തിനു ക്ഷേത്ര ശാന്തിമാരായ വിനോദ്, ശ്രീകേഷ് എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മനോജ് ഡി ശങ്കർ, സെക്രട്ടറി പി.ആർ. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.
കുമരകം ∙ പടിഞ്ഞാറൻ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം നടന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങളാണു ബലിതർപ്പണം നടത്തിയത്. വ്രതമെടുത്ത് കുളിച്ച് ഈറനണിഞ്ഞു മൺമറഞ്ഞ പിതൃക്കളെ സങ്കൽപിച്ചു ജലം ,എള്ള്, പൂവ്, ഉണക്കലരി ഉൾപ്പെടെ പൂജാദ്രവ്യങ്ങൾ കൊണ്ടാണു തർപ്പണം നടത്തിയത്.
ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ബലി തർപ്പണത്തിനു ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ മുഖ്യകാർമികത്വം വഹിച്ചു. വിരിപ്പുകാല ശക്തീശ്വരം ക്ഷേത്രത്തിൽ എസ്എൻഡിപി 259–ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വാവുബലി നടന്നു. ക്ഷേത്രം മേൽശാന്തി നിധീഷ് മുഖ്യകാർമികത്വം വഹിച്ചു. കുമ്മനം എസ്എൻഡിപി 3936–ാം നമ്പർ എസ്എൻഡിപി ശാഖയിലും ബലിതർപ്പണം നടന്നു.
പിതൃക്കളുടെ ഓർമകളിലലിഞ്ഞ്...
വൈക്കം ∙ വിശ്വാസ പെരുമയോടെ പിതൃപുണ്യം തേടി വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടത്തി.വെള്ളൂർ വാമനസ്വാമി ക്ഷേത്രം ആറാട്ടുകടവിൽ നടത്തിയ കർക്കടക വാവ് ബലിതർപ്പണത്തിന് മുരളീധരൻ ഇളയത് മുഖ്യ കാർമികത്വം വഹിച്ചു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ബലിതർപ്പണത്തിന് മേൽ ശാന്തി കൃഷ്ണൻ മൂത്തത്, മോഹനൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. തിലഹോമം, പിതൃ നമസ്കാരം, കൂട്ട നമസ്കാരം എന്നിവയും നടന്നു. ടിവിപുരം ശ്രീരാമ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി ഇണ്ടംതുരുത്തി മന ഹരി ഹരൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
കായൽ കടവിലും വിളക്കുമാടത്തിലും നടന്ന ബലിതർപ്പണത്തിന് സുമേഷ് ശാന്തി കാർമികത്വം വഹിച്ചു. തിലഹോമം, പിതൃ നമസ്കാരം എന്നിവയും നടത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം എന്നിവ നടത്തി. തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് മേൽശാന്തി സുബിൻ കാർമികത്വം വഹിച്ചു. ഗണപതി ഹോമം, ഭഗവത് സേവ, പിതൃനമസ്കാരം. പിതൃബലി എന്നിവ നടത്തി.
ഇടയാഴം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി, വൈക്കം പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ദിനിൽ ഭട്ടതിരി, കുട വെച്ചൂർ ഗോവിന്ദപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണ ഭട്ടതിരി, ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ
വൈക്കം ∙ പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ വാവ് ബലിതർപ്പണം നടത്തി. ഇന്നലെ പുലർച്ചെ 3ന് ആരംഭിച്ച ബലിതർപ്പണം ഉച്ചവരെ തുടർന്നു. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യംപള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി വിഷ്ണു നിലയത്തിൽ വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 24 കൗണ്ടർ, 10ആചാര്യൻമാർ എന്നിവ ക്രമീകരിച്ചിരുന്നു.
പിതൃക്കൾക്ക് നിത്യ മോക്ഷം നൽകുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രം. ഓട് മേഞ്ഞ ശ്രീകോവിൽ, താഴികക്കുടം, ചുറ്റമ്പലം നമസ്കാര മണ്ഡപം, ബലിക്കൽപുര കെടാവിളക്ക്, ദശാവതാരം ശിൽപങ്ങളും ഇവിടെ മനോഹരമായ രീതിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.ക്ഷേത്രത്തിന്റെ വടക്കു കിഴക്കുഭാഗത്തു ഗണപതി സാന്നിധ്യമുള്ള കുളമാണ് ബലിതർപ്പണത്തിന് ഉപയോഗിക്കുന്നത്.
കരിങ്കല്ല് പാകി പവിത്രമായി സംരക്ഷിക്കുന്ന ക്ഷേത്ര കുളത്തിനും പ്രാധാന്യമുണ്ട്. വൈക്കത്തെ ഊരാണ്മക്കാരുടെ 18 ഇല്ലങ്ങളിൽ ഒന്നായ നാരായണ നെല്ലൂർ മനയിലെ കാരണവർ പതിവ് രീതിയിൽ ഇവിടെ സ്നാനം ചെയ്തു തർപ്പണം ചെയ്യവെ രണ്ടു കൈകൾ ഉയർന്ന് പൊങ്ങി അനുഗ്രഹം നൽകിയതായി പറയുന്നു. വ്രതനിഷ്ഠയോടെ വർഷം തോറും മുടങ്ങാതെ കർക്കടക വാവ് ബലിതർപ്പണം നടത്തിയാൽ പിതൃക്കൾ തൃപ്തരാകും എന്ന വിശ്വാസമാണ് ഇവിടെ തിരക്ക് വർധിക്കാൻ പ്രധാന കാരണം.