ADVERTISEMENT

കുമരകം ∙ കാറ്റും മഴയും പിന്നെ വെള്ളപ്പൊക്കവും. വേമ്പനാട്ട് കായലിനെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾക്ക് പണിയില്ലാതായി.  കഴിഞ്ഞ ഒരാഴ്ചയായി കായലിൽ പണിക്കു പോകാൻ കഴിയാതെ വന്നതോടെ മത്സ്യത്തൊഴിലാളികൾ, കക്ക വാരൽ, മണ്ണ് വരാൽ എന്നീ വിഭാഗത്തിലെ തൊഴിലാളികൾ കുടുംബം പുലർത്താൻ വിഷമിക്കുന്നു. രാത്രി കായലിൽ വല ഇടാൻ പോകുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്.

രണ്ടായിരത്തിലേറെ തൊഴിലാളികൾ

കായലോര പഞ്ചായത്തുകളിലെ രണ്ടായിരത്തിലേറെ തൊഴിലാളികൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. ജോലിക്കു പോയി കിട്ടുന്ന വരുമാനമാണ് ഇവരുടെ കുടുംബത്തിന്റെ ഉപജീവനമാർഗം. കായലിൽ പണിക്കു പോകുന്ന വള്ളങ്ങൾക്ക് എല്ലാം മഴയോടെ കെട്ടുവീണതാണ്. പ്രതികൂല കാലാവസ്ഥ ഉണ്ടാകുമ്പോൾ കായലിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനമില്ല. പൊതുവേ ഉള്ള മുന്നറിയിപ്പ് മാത്രമാണ് ഉള്ളത്. അതു കൊണ്ടു പല വള്ളങ്ങളും ജോലിക്കു പോകുകയും കാറ്റിലും മഴയിലും പെട്ട് വള്ളം മുങ്ങി അപകടത്തിൽപ്പെടുകയും ചെയ്യുന്നു.

മഴയിലും കാറ്റിലും വള്ളം മുങ്ങി

കായലിൽ വച്ച് കാറ്റിലും മഴയിലുംപെട്ട് അടുത്തയിടെ മത്സ്യത്തൊഴിലാളികളുടെ വള്ളം മുങ്ങിയിരുന്നു. വള്ളത്തിലെ 5 തൊഴിലാളികളെ ജലഗതാഗത വകുപ്പ് ബോട്ട് എത്തി രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തോടെ കാറ്റും മഴയും  ആയാൽ വള്ളക്കാർ കായലിലേക്ക് ഇറങ്ങാറില്ല.

മീനിന്റെ ലഭ്യത കുറവ് 

പണിക്കു പോകുമ്പോൾ മീനിന്റെ ലഭ്യത കുറവ് തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു.കഴിഞ്ഞ 2 വർഷമായി സീസണിൽ പോലും കായലിൽ നിന്നു കൊഞ്ച് ലഭിക്കുന്നില്ല. കൊഞ്ച്, കരിമീൻ ഉൾപ്പെടയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ കായൽ തൊഴിലാളികൾക്ക് ജോലിയും വരുമാനമില്ലാത്ത അവസ്ഥയാകും. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെ ഉള്ള സഹായങ്ങൾ നൽകണമെന്നാണു ഇവരുടെ ആവശ്യം. ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com