സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രൽ: വിശുദ്ധ മൂറോൻ കൂദാശ ചടങ്ങുകൾ നാളെ മുതൽ
Mail This Article
പാമ്പാടി ∙ ആത്മീയ പ്രഭ ചൊരിഞ്ഞു സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രലിന്റെ പുതിയ ദേവാലയ നിർമാണം പൂർത്തിയായി.വിശുദ്ധ മൂറോൻ കൂദാശ ചടങ്ങുകൾ നാളെയും മറ്റന്നാളും നടത്തും. സഭയിലെ മെത്രാപ്പൊലീത്തമാർ മുഖ്യകാർമികത്വം വഹിക്കും. 1951 ഓഗസ്റ്റ് 15 ന് താൽക്കാലിക ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച പള്ളിയാണിത്. 1973 ൽ അന്തോഖ്യ പ്രതിനിധി മാർ തിമോത്തിയോസ് അപ്രേം ആബുദി മെത്രാപ്പൊലീത്ത പരിശുദ്ധ ദൈവ മാതാവിന്റെ ഇടക്കെട്ടിന്റെ ഒരംശം ( വിശുദ്ധ സൂനോറോ) ഇവിടെ സ്ഥാപിച്ചു. 1982 ൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ മാർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവ ശ്ലൈഹിക സന്ദർശനം നടത്തി.
2010 ൽ സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രൽ ആക്കി ഉയർത്തി. 2019 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആശീർവദിച്ചു നൽകിയ ശില സ്ഥാപിച്ചു ഇടവക മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ്, ഇടവകാംഗം ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്നിവർ ചേർന്നാണ് പുതിയ ദേവാലയത്തിനു ശിലാസ്ഥാപനം നിർവഹിച്ചത്.
ആത്മീയ പുണ്യം നേടിയ ഇടവക
സഭയുടെ ചരിത്രത്തിൽ ഒരേ കാലഘട്ടത്തിൽ 2 മെത്രാപ്പൊലീത്തമാരെ സംഭാവന ചെയ്ത ദേവാലയം ആണിത്. യൂഹാനോൻ മാർ പീലക്സിനോസ് ( കാലം ചെയ്ത മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത), നിലവിൽ സിംഹാസനം പള്ളികളുടെ സീനിയർ മെത്രാപ്പൊലീത്തയും, പിറമാടം ദയറ അധിപൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്നിവർ ഈ ഇടവക അംഗങ്ങളാണ്. കാലം ചെയ്ത യൂഹാനോൻ മാർ പീലക്സിനോസിന്റെ കബറിടവും ഈ ദേവാലയത്തിലാണ്. ഒരു കോറെപ്പിസ്കോപ്പയും 4 വൈദികരും ഇടവകയിൽ ഉണ്ട്.
കൂദാശ ചടങ്ങുകൾക്ക് നാളെ തുടക്കം
നാളെ 7.15 ന് മാർ ഏലിയാസ് ദയറയിൽ പ്രാർഥനയും കുർബാനയും. 2. 45 ന് മെത്രാപ്പൊലീത്തമാർക്കു 8–ാം മൈൽ സെന്റ് സൈമൺസ് പള്ളിയിൽ നിന്നു വാഹന ഘോഷയാത്രയുടെ അകമ്പടിയിൽ സ്വീകരണം. 4.15 ന് പാത്രിയാർക്ക പതാക ഉയർത്തൽ. 5 ന് സന്ധ്യാ പ്രാർഥന, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം.7.30 ന് പൊതുസമ്മേളനം ഡോ.തോമസ് മാർ തീമോത്തിയോസിന്റെ അധ്യക്ഷതയിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും.
ഇടവകാംഗം ഗീവർഗീസ് മാർ ദിവന്നാസിയോസ് ആമുഖ പ്രസംഗം നടത്തും. മന്ത്രി വി.എൻ.വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യാതിഥികളാകും. 15 ന് 7 ന് പ്രാർഥന. 8 ന് ദേവാലയ കൂദാശ രണ്ടാം ഘട്ടം. ഗീവർഗീസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ ദിവന്നാസിയോസ്, തോമസ് മാർ അലക്സന്ത്രയോസ്, മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 9 ന് മൂന്നിന്മേൽ കുർബാന. മധ്യസ്ഥ പ്രാർഥന.യൂഹാനോൻ മാർ പീലക്സിനോസ് വലിയ മെത്രാപ്പൊലീത്തയുടെ കബറിങ്കൽ ധൂപപ്രാർഥന. ഇടവകയിലെ മേൽപ്പട്ടക്കാർ, പട്ടക്കാർ,ശുശ്രൂഷകർ, മുതിർന്ന ഇടവകാംഗങ്ങൾ, ദേവാലയ പുനർനിർമാണത്തിനു മേൽനോട്ടം വഹിച്ച ആളുകൾ എന്നിവരെ ആദരിക്കും.
തുടർന്നു ആശീർവാദം. കൈമുത്ത്, സ്നേഹവിരുന്ന്. വികാരി ഫാ.ഈശോ കാലായിൽ, ട്രസ്റ്റി അനിൽ നൈനാൻ, സെക്രട്ടറി ബൈജു.സി.ആൻഡ്രൂസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.